കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം: വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന കുറ്റാന്വേഷണകഥകള്‍ മലയാളികള്‍ക്കു സമ്മാനിച്ച പ്രമുഖ ഡിറ്റക്റ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. ഏറെ നാളായി വാര്‍ധക്യസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെ 9.45 ഓടെ കോട്ടയം മള്ളൂശ്ശേരിയിലെ ചെറുവള്ളി വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകീട്ട് മൂന്നിന് കോട്ടയം സിഎസ്‌ഐ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
300ലേറെ ഡിറ്റക്റ്റീവ്, മാന്ത്രികനോവലുകള്‍ രചിച്ചിട്ടുണ്ട്. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ കൂടിയായ മകന്‍ സലിം പുഷ്പനാഥ് അന്തരിച്ച് ഒരുമാസം തികയുംമുമ്പാണ് പുഷ്പനാഥിന്റെയും മരണം. കോട്ടയത്ത് എംടി സെമിനാരി ഹൈസ്‌കൂള്‍, ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പുഷ്പനാഥിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പഠനകാലത്തുതന്നെ എഴുത്ത് തുടങ്ങി. സിഎന്‍ഐ ട്രെയിനിങ് സ്‌കൂളില്‍നിന്നാണ് ടിടിസി പാസായത്. പിന്നീട് കേരളാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് 1972ല്‍ ചരിത്രത്തില്‍ ബിരുദമെടുത്തു. അധ്യാപികയായിരുന്ന അമ്മയാണ് പുഷ്പനാഥിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയത്. കോട്ടയം ജില്ലയില്‍ അധ്യാപകനായിരുന്ന പുഷ്പനാഥന്‍ പിള്ള എന്ന കോട്ടയം പുഷ്പനാഥ്, ജോലിയില്‍നിന്നു സ്വയം വിരമിച്ചശേഷം പൂര്‍ണമായും എഴുത്തിന്റെ ലോകത്തായിരുന്നു.
ഇദ്ദേഹത്തിന്റെ കൃതികള്‍ തമിഴ്, തെലുങ്ക്, കന്നഡ മുതലായ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി തുടങ്ങിയ കൃതികള്‍ ചലച്ചിത്രമായി. ചുവന്ന മനുഷ്യന്‍ എന്ന ശാസ്ത്ര ഡിറ്റക്റ്റീവ് നോവലാണ് ആദ്യകൃതി. സംസ്ഥാനത്തെ എല്ലാ പ്രമുഖ ആഴ്ചപ്പതിപ്പുകളിലും തുടര്‍നോവലുകളെഴുതിയിട്ടുണ്ട്. മുട്ടത്തുവര്‍ക്കി, കാനം ഇ ജെ ഫിലിപ്പ്, ചെമ്പില്‍ ജോണ്‍ തുടങ്ങിയവരായിരുന്നു സമകാലികര്‍. കര്‍ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്‌കോട്ടിലെ നിധി, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, ദി ബ്ലെയ്ഡ്, ബ്രഹ്്മരക്ഷസ്, ടൊര്‍ണാഡോ, ഗന്ധര്‍വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലല്‍ റോഡ്, ലെവല്‍ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്‌ലറുടെ തലയോട്, മന്ത്രമോഹിനി, ദി മര്‍ഡര്‍, നീലക്കണ്ണുകള്‍, സിംഹം, മോണാലിസയുടെ ഘാതകന്‍, തുരങ്കത്തിലെ സുന്ദരി, ഓവര്‍ ബ്രിഡ്ജ്, നാഗച്ചിലങ്ക, നാഗമാണിക്യം, മര്‍ഡര്‍ ഗാങ്, ഡെവിള്‍, നിഴലില്ലാത്ത മനുഷ്യന്‍, ലേഡീസ് ഹോസ്റ്റലിലെ ഭീകരന്‍, റെഡ് റോബ്, സന്ധ്യാരാഗം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
മറിയാമ്മയാണ് ഭാര്യ. അന്തരിച്ച സലിം പുഷ്പനാഥിനെ കൂടാതെ സീനു പുഷ്പനാഥ്, ജെമി പുഷ്പനാഥ് എന്നിവരാണ് മറ്റു മക്കള്‍.
Next Story

RELATED STORIES

Share it