Kottayam Local

കോട്ടയം ജില്ല സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്‌



കോട്ടയം: സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയെന്ന നേട്ടത്തിലേക്കു കോട്ടയം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 19ന് വൈകീട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണി നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എംപി മുഖ്യാതിഥിയാവും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ ഒമ്പതുമണ്ഡലങ്ങളിലായി 5,418 കണക്ഷനുകളാണ് പുതിയതായി നല്‍കിയത്. ഇതോടെ വൈദ്യുതിയെത്താത്ത ഒരുവീടും ജില്ലയിലില്ല. വൈക്കം നിയോജക മണ്ഡലത്തില്‍ മൂന്നു കണക്ഷനുകളാണ് ഇനി നല്‍കാനുള്ളത്. ദിവസങ്ങള്‍ക്കുള്ളില്‍ ഈ മൂന്നു കണക്ഷനുകളും നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. കഴിഞ്ഞ ഒക്്‌ടോബര്‍ മുതലാണ് സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഇതിനായി കെഎസ്ഇബി ഒരു പോര്‍ട്ടല്‍ ആരംഭിച്ച് വൈദ്യുതി ലഭിക്കാത്ത വീട്ടുടമസ്ഥരില്‍നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. മാര്‍ച്ച് 31നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. വൈദ്യുതി ബോര്‍ഡ് പഞ്ചായത്ത് തലത്തില്‍ തയ്യാറാക്കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കിയത്. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ 50 ശതമാനം ഫണ്ട് വൈദ്യുതി ബോര്‍ഡിന്റെ ഫണ്ടില്‍നിന്നും 50 ശതമാനം ഫണ്ട് എംപി, എംഎല്‍എ, ത്രിതല പഞ്ചായത്ത് ഫണ്ടുകളില്‍ നിന്നാണ് അനുവദിച്ചത്. വൈദ്യുതീകരണം നടത്താന്‍ സാധിക്കാത്ത കുടുംബങ്ങള്‍ക്കു വ്യാപാരികള്‍, സന്നദ്ധ സംഘടനകള്‍, കെഎസ്ഇബി ഓഫിസര്‍മാരുടെ സംഘടനകള്‍ എന്നിവര്‍ വൈദ്യുതീകരണം നടത്തി നല്‍കി. അപേക്ഷ നല്‍കിയവരുടെ വീടുകളില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയാണ് കണക്ഷന്‍ നല്‍കാനുള്ള നടപടികളെടുത്തത്. ജില്ലയില്‍ പാലാ, കോട്ടയം എന്നീ രണ്ട് സര്‍ക്കിളുകളാണുള്ളത്. പാലാ സര്‍ക്കിളിന്റെ കീഴില്‍ 2,221 വീടുകളും കോട്ടയം സര്‍ക്കിളിന്റെ കീഴില്‍ 3,197 വീടുകളുമാണ് വൈദ്യുതീകരിച്ചത്. മുമ്പ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിച്ച മണ്ഡലമായി തിരഞ്ഞെടുത്തിരുന്നു.
Next Story

RELATED STORIES

Share it