kozhikode local

കോട്ടക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം



വടകര: പട്ടണത്തിന് മുഴുവന്‍ ജലം നല്‍കാന്‍ പ്രാപ്തമായ കോട്ടക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. ഞായറാഴ്ച രാവിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സന്നദ്ധ പ്രവര്‍ത്തകരും പുതിയ ഉദ്യമത്തിനു രംഗത്തിറങ്ങി. പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കടത്തനാട് രാജാവ് നിര്‍മ്മിച്ച ഈ കുളം അന്‍പത് സെന്റിലേറെ വിസ്തൃതി ഉള്ളതാണ്. കാലക്രമത്തില്‍ മണ്ണ് മൂടി, കരകള്‍ പാഴ്മരങ്ങളും വള്ളിപ്പടര്‍പ്പുകളും വളര്‍ന്ന്  നികന്ന് കുളം ഉപയോഗശൂന്യമായി. ഈ കടുത്ത വേനലില്‍ ചുറ്റുമുള്ള എല്ലാ കുളങ്ങളും വറ്റിയപ്പോഴും കോട്ടക്കുളം ജീവജലം വറ്റാതെ കാത്തുസൂക്ഷിച്ചു.നാലുഭാഗവും കൈയ്യേറ്റങ്ങള്‍ നടന്നിട്ടും ഇപ്പോഴും കുളത്തിന് നാല്പതു സെന്റിലേറെ വിസ്തൃതിയുണ്ട്. ഈ കുളത്തിനെയാണ് വടകരയിലെ ജനകീയ കൂട്ടായ്മയിലൂടെ നവീകരിക്കാന്‍ തീരുമാനിച്ചത്. രണ്ടു തവണ യോഗങ്ങള്‍ കൂടി നവീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വടകര കോട്ടപ്പറമ്പില്‍ സംരക്ഷണവലയം തീര്‍ത്തു. ഇന്നലെ രാവിലെ ഏഴുമണിക്ക് പരിസ്ഥിതി പ്രവര്‍ത്തകരും മറ്റ് സന്നദ്ധസേവകരും കുളത്തിലേക്ക് മാര്‍ച്ച് ചെയ്യ്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. മൂന്ന് വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനത്തിലൂടെ അഞ്ച് കോടിയിലേറെ ചിലവഴിച്ച് നവീകരിച്ചെടുക്കുന്ന കുളം വടകരയിലെ മുഴുവന്‍ കുടിവെള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി എംഎല്‍എ,എംപി ഫണ്ടുകള്‍ കേന്ദ്രത്തിന്റെ സരോവരം പ്രോജക്ട്, വനംവകുപ്പിന്റെ സഹകരണം എന്നിവ തേടാനാണ് ഉദ്ദേശിക്കുന്നത്. ചുറ്റുമുള്ള മരങ്ങളില്‍ ഏതാനും ചിലത് മുറിച്ചുമാറ്റി കുളത്തിലേക്ക് വഴിയൊരുക്കുകയാണ് ആദ്യം ചെയ്തത്. ജെസിബി ഉപയോഗിച്ച് കുളത്തിലേക്ക് ഇറങ്ങി കുളം വൃത്തിയാക്കി എടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഡിവൈഎസ്പി കെ സുദര്‍ശന്‍ നേരിട്ടെത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പോലിസ് സേനാംഗങ്ങള്‍ക്ക് ആവേശം പകര്‍ന്നു. മുന്‍സിപ്പാലിറ്റിയിലെ ജീവനക്കാരും നവീകരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ചു. സികെ നാണു എംഎല്‍എ നവീകരണം ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്—സണ്‍ കെപി ബിന്ദു, കൗണ്‍സിലര്‍മാരായ പി അശോകന്‍, പി ബിജു, എ പ്രേമകുമാരി, കര്‍മസമിതി ചെയര്‍മാന്‍ പി ബാലന്‍, മണലില്‍ മോഹനന്‍, പിപി രഞ്ജിനി, എടയത്ത് ശ്രീധരന്‍, കെവി വത്സലന്‍, കെസി പവിത്രന്‍, പിപി ശൈലജ, കെപി പ്രദീപ്കുമാര്‍, സന്ദീപ് ലാല്‍, വടയക്കണ്ടി നാരായണന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it