kannur local

കോട്ടക്കുന്നില്‍ നാട്ടുകാര്‍ വീണ്ടും സര്‍വേ തടഞ്ഞു; സംഘര്‍ഷാവസ്ഥ

കാട്ടാമ്പള്ളി:  ജനവികാരം മാനിക്കാതെ കാട്ടാമ്പള്ളി കോട്ടക്കുന്നില്‍ ദേശീയപാത ബൈപാസ് റോഡിനു വേണ്ടി സ്ഥലമളക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍  വീണ്ടും തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പ്രതിഷേധവുമായി എത്തി. ആശയവിനിമയം പോലും നടത്താതെ 25ഓളം സമരക്കാരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് പോലിസ് കാവലില്‍ സര്‍വേ നടത്തി.
ഇന്നലെ രാവിലെ 9.30ഓടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കം. യാതൊരു അറിയിപ്പും ഇല്ലാതെയാണ് റവന്യൂവകുപ്പിലെയും ദേശീയപാത അതോറിറ്റിയിലെയും ഉദ്യോഗസ്ഥര്‍ സര്‍വേ നടപടികള്‍ക്ക് എത്തിയത്. വന്‍ പോലിസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞ് ചുങ്കം-ചാല ബൈപാസ് കര്‍മസമിതി പ്രവ ര്‍ത്തകരും നാട്ടുകാരും സംഘടിച്ചെത്തി. സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പോലിസിനുമെതിരേ മുദ്രാവാക്യം മുഴക്കി. എന്നാല്‍, നാട്ടുകാരുമായി ആശയവിനിമയം നടത്താന്‍ പോലും ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. പ്രതിഷേധം കനത്തതോടെ കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എന്‍ എം കോയ, ഖജാഞ്ചി സഹധര്‍മന്‍ ഉള്‍പ്പെടെ 16ഓളം സമരക്കാരെയും ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂര്‍, എസ്ഡിപിഐ പ്രവര്‍ത്തകന്‍ നവാസ് കാട്ടാമ്പള്ളി എന്നിവരെയും പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതിനിടെ, ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ അടങ്ങിയ സര്‍വേ കിറ്റ് കാണാതായി. ഇതു പിന്നീട് സമീപത്തെ കിണറ്റില്‍ തള്ളിയതായി കണ്ടെത്തി.
ഇതേച്ചൊല്ലി റവന്യൂവകുപ്പ്-ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് സര്‍വേ നടപടി ആരംഭിച്ചത്. ആദ്യം കോട്ടക്കുന്ന്-കാട്ടാമ്പള്ളി റോഡിലെ സ്ഥലമളന്ന ഉദ്യോഗസ്ഥര്‍ ഏരുമ്മല്‍വയല്‍ ഭാഗത്തേക്കുള്ള ജനവാസകേന്ദ്രത്തിലെ സ്ഥലമളന്ന് തിട്ടപ്പെടുത്താന്‍ തുടങ്ങി. സങ്കടവും രോഷവുമായി വീടുകളില്‍നിന്ന് സ്ത്രീകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി പ്രതിഷേധിച്ചു. ഇവരെ വനിതാ പോലിസ് പ്രതിരോധിച്ചു.
പ്രതിഷേധം വീണ്ടും കനത്തതോടെ കെ കെ നാജിയ, ഷീന ഉല്ലാസ്, റഫ്‌സീന, ഷബാന എന്നിവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് ബി സുഹൈല്‍, അദ്‌നാന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്ത് വളപട്ടണം പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതിഷേധാന്തരീക്ഷത്തില്‍ വൈകീട്ട് ആറോടെയാണ് മേഖലയില്‍ ചിലയിടത്ത് സര്‍വേ കല്ലുകള്‍ പാകിയത്. സര്‍വേ ഇന്നും തുടരാനാണ് തീരുമാനം. അറസ്റ്റിലായ സമരക്കാരെ വൈകീട്ടോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Next Story

RELATED STORIES

Share it