'കോടതി നടപടി സത്യം ജയിക്കുമെന്നതിന്റെ സൂചന'

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് തടയാത്ത കോടതി നടപടി സത്യം ജയിക്കുമെന്നതിന്റെ സൂചനയാണെന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹൈക്കോടതി ജങ്ഷനില്‍ സമരം ചെയ്യുന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. പീഡനക്കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ച കോടതി നടപടി വന്നതിനു പിന്നാലെയാണ് കന്യാസ്ത്രീകളുടെ പ്രതികരണം.
കുറ്റാരോപിതനായ ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടാവുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ നീണ്ടുപോവും തോറും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. ബിഷപ്പിനെതിരേ ശക്തമായ തെളിവുകള്‍ കൈവശമുണ്ട്. ഇത് പോലിസിനു കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ഈ തെളിവുകള്‍ മുഴുവനായി കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിലിനു നല്‍കാന്‍ സാധിക്കില്ല. ആദ്യഘട്ടത്തില്‍ കൂടെ നിന്ന ഫാ. നിക്കോളാസ് നിര്‍ണായക ഘട്ടത്തില്‍ നിലപാട് മാറ്റിയതിനു പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീനമുള്ളതായി വിശ്വസിക്കുന്നതായും കന്യാസ്ത്രീകള്‍ പറഞ്ഞു.
കന്യാസ്ത്രീക്കല്ല, ബിഷപ്പിനാണ് വ്യക്തിവൈരാഗ്യമുള്ളത്. അറസ്റ്റില്‍ നിന്നു രക്ഷപ്പെടാനാണ് ഇത്തരം വാദങ്ങള്‍ ബിഷപ് ഉന്നയിക്കുന്നത്. എന്നാല്‍, പീഡനക്കേസില്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു കരുതുന്നില്ലെന്നായിരുന്നു നിരാഹാരമനുഷ്ഠിക്കുന്ന കന്യാസ്ത്രീയുടെ സഹോദരിയുടെ പ്രതികരണം. പോലിസ് ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചുവന്നിരുന്നത്. അതുകൊണ്ടുതന്നെ ഉടന്‍ അറസ്റ്റുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.



Next Story

RELATED STORIES

Share it