കോടതിവിധി വിമര്‍ശകര്‍ക്കുള്ള മറുപടി: എഡിജിപി ബി സന്ധ്യ

കൊച്ചി: ജിഷ വധക്കേസില്‍ പോലിസിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്ന വിധിയെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എഡിജിപി ബി സന്ധ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ജിഷ വധക്കേസിന്റെ അന്വേഷണത്തില്‍ അന്വേഷണസംഘം നന്നായി കഠിനാധ്വാനം ചെയ്തിരുന്നു. അതിന്റെ ഫലം വിധിയില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ബി സന്ധ്യ പറഞ്ഞു. കോടതിവിധിയെ പരിപൂര്‍ണ മനസ്സോടെ അംഗീകരിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നു. അന്വേഷണസംഘത്തിലുണ്ടായിരുന്ന മുഴുവന്‍ പേരെയും അഭിനന്ദിക്കുന്നു. അന്വേഷണസമയത്ത് തങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. പോലിസിനെ സംബന്ധിച്ചിടത്തോളം കേസില്‍ കിട്ടാവുന്നിടത്തോളം തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ എത്തിക്കുകയും വിചാരണാസമയത്ത് പ്രോസിക്യൂഷനെ സഹായിക്കുകയും ചെയ്യുകയെന്നതാണ് ധര്‍മം. അത് വളരെ ഭംഗിയായും വളരെ പ്രഫഷനലായും കേസില്‍ പോലിസ് 100 ശതമാനവും നിര്‍വഹിച്ചിട്ടുണ്ട്. തങ്ങളുടെ കൈയില്‍ കേസ് ലഭിച്ച ആദ്യദിവസം മുതല്‍ ഒരു വര്‍ഷവും ഒമ്പതു മാസവും 17 ദിവസവും പിന്നിട്ടപ്പോഴും പോലിസ് തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്. ജുഡീഷ്യറിക്കു മേല്‍ പോലിസിന് അധികാരമില്ല. അതുകൊണ്ടുതന്നെ കേസില്‍ കോടതി ഏതു വിധത്തിലുള്ള വിധി പ്രഖ്യാപിച്ചാലും അത് അംഗീകരിക്കുകയെന്നതാണ് പോലിസിന്റെ പ്രഫഷനല്‍ ധര്‍മമെന്നും എഡിജിപി ബി സന്ധ്യ പറഞ്ഞു.
Next Story

RELATED STORIES

Share it