malappuram local

കോടതിവിധി വരാതെ പാര്‍ക്ക് തുറക്കില്ല: പി വി അന്‍വര്‍ എംഎല്‍എ

നിലമ്പൂര്‍: കക്കാടം പൊയിലിലെ പാര്‍ക്ക് നിലവില്‍ നടന്നുവരുന്ന കോടതി വ്യവഹാരങ്ങളില്‍ വിധി വന്നതിനു ശേഷമേ തുറക്കുകയുള്ളൂവെന്ന് പി വി അന്‍വര്‍ എംഎല്‍എ. രാഷ്ട്രീയ-മാധ്യമ -ബിസിനസ് രംഗത്തെ കുത്തകകള്‍ പാര്‍ക്കിനെ തകര്‍ക്കാനായി ശ്രമിക്കുകയാണ്. അതിനാലാണ് ഉരുള്‍പൊട്ടലുണ്ടായിട്ടില്ലാത്ത ഭാഗമായിട്ട് പോലും പാര്‍ക്ക് കാരണമാണ് ഉരുള്‍പൊട്ടലുണ്ടായി എന്ന രീതിയില്‍ പ്രചാരണം നടത്തുന്നത്. റവന്യു വകൂപ്പിന്റെ റിപോര്‍ട്ടില്‍ ഉരുള്‍പൊട്ടലുണ്ടായതായി പറയുന്നില്ല. ചെറിയ തോതിലുള്ള മണ്ണൊലിപ്പുണ്ടായിട്ടുണ്ട്.
ഉരുള്‍പൊട്ടലുണ്ടായോയെന്നത് കണ്ടെത്തേണ്ടത് കേന്ദ്ര ഭൂമി ശാസ്ത്ര സമിതിയാണ്. പാര്‍ക്ക് വന്നിട്ട് അവിടെ ഉരുള്‍പൊട്ടലുണ്ടായി എന്നാണ് റിപോര്‍ട്ടെങ്കില്‍ പാര്‍ക്ക് അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കലക്ടറും റവന്യൂ ഉദ്യോഗസഥരും നല്‍കിയ റിപോര്‍ട്ടില്‍ ഉരുള്‍പൊട്ടലുണ്ടായതായി പറയുന്നില്ല. കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ വിധി വരുന്നത് വരെ പാര്‍ക്ക് തുറക്കുന്നതിനായി കാത്തിരിക്കും.
പാര്‍ക്ക് തുറക്കുന്നതിനായി എല്‍ഡിഎഫിലോ, മറ്റ് ഭരണ സംവിധാനങ്ങളിലോ ശുപാര്‍ശക്കായി താന്‍ സമീപിച്ചിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. ഏറനാട് മണ്ഡലത്തിലെ ചാത്തല്ലൂര്‍ മേഖലയില്‍ മൈനിങ് പ്രവൃത്തികള്‍ നടക്കുന്നതിനാലാണോ ഉരുള്‍പൊട്ടലുണ്ടായതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് സര്‍ക്കാര്‍ അന്വേഷിക്കേണ്ട കാര്യമാണെന്നും മൈനിങ് പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഉരുള്‍പൊട്ടലുണ്ടായതെങ്കില്‍ ക്വാറികള്‍ അടക്കമുള്ളവക്കെതിരേ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it