കോടതിയുമായി ഏറ്റുമുട്ടലിനില്ല; വിവാദ ബില്ല് ഉപേക്ഷിച്ചേക്കും

തിരുവനന്തപുരം: കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം ഏകീകരക്കല്‍ ബില്ല് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി സൂചന.
ബില്ല് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തടഞ്ഞുവച്ച സാഹചര്യത്തില്‍ ഇനി ബില്ലിന്റെ പുറകേ പോവേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ സൂചനനല്‍കി. ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്തിരുന്നു. ബില്ല് ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചയക്കില്ല. നിയമപരമായി നിലനില്‍ക്കാത്ത ഒന്നിന്റെ പിറകെ പോവാന്‍ ഇനി സര്‍ക്കാരില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ബില്ല് ഗവര്‍ണര്‍ തടഞ്ഞുവച്ചത് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിന് വിയോജിപ്പില്ല. നിയമപരവും ഭരണഘടനാപരവുമായ അവകാശമുപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി. സര്‍ക്കാര്‍ അത് അംഗീകരിക്കുന്നു. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുകയോ വിശദീകരണം ആവശ്യപ്പെട്ട് തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. ഭരണഘടനയുടെ അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണര്‍ക്കുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് ബില്ല് വിത്‌ഹെല്‍ഡ് ചെയ്യുന്നതായി ഗവര്‍ണര്‍ നിയമസെക്രട്ടറിയെ വൈകീട്ട് രാജ്ഭവനില്‍ വിളിച്ചുവരുത്തി അറിയിക്കുകയായിരുന്നു.
ഇതോടെ ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ ബില്ല് ഗവര്‍ണര്‍ക്ക് അയച്ച സര്‍ക്കാരിന് വന്‍ പ്രതിസന്ധിയായി. ഉത്തരവ് മറികടക്കരുതെന്ന ശക്തമായ മുന്നറിയിപ്പോടെ സുപ്രിംകോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ ബില്ല് തടഞ്ഞുവച്ചത്. മാത്രമല്ല ബില്ലില്‍ ഒപ്പുവച്ചാല്‍ കോടതിയലക്ഷ്യമാവുമെന്ന ആരോഗ്യവകുപ്പ് അഡീഷനല്‍ സെക്രട്ടറിയുടെ നിലപാടും ഗവര്‍ണര്‍ കണക്കിലെടുത്തു. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതോടെ സുപ്രിംകോടതി സ്റ്റേ ചെയ്ത ഓര്‍ഡിനന്‍സ് സ്വാഭാവിക കാലാവധി കഴിഞ്ഞ് അസാധുവാകും. സുപ്രിംകോടതി സ്റ്റേ ചെയ്തതിനാല്‍ ഓര്‍ഡിനന്‍സ് സര്‍ക്കാരിന് വീണ്ടും പുറപ്പെടുവിക്കാനുമാവില്ല.
Next Story

RELATED STORIES

Share it