World

കോടതിയും ജഡ്ജിയും വേണ്ട: അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ മടങ്ങണമെന്ന് ട്രംപ്‌

വാഷിങ്ടണ്‍: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നവര്‍ അക്രമകാരികളാണെന്നും ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കലോ വിചാരണയോ കൂടാതെ ഇവരെ തിരിച്ചയക്കുകയാണു വേണ്ടതെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
നിലവിലുള്ള കുടിയേറ്റ നിയമം പരിഹാസ്യമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. “ഇത്രയും ആളുകള്‍ നമ്മുടെ രാജ്യത്തേക്ക് അതിക്രമിച്ചു കയറുന്നത് അനുവദിക്കാനാവില്ല. അനധികൃതമായി ആരെങ്കിലും രാജ്യത്തു പ്രവേശിച്ചാല്‍, കോടതി നടപടികളോ ജഡ്ജിമാരോ ഇല്ലാതെ തന്നെ ഉടന്‍ അവരെ തിരിച്ചയക്കണം.  കുടിയേറ്റ നിയമത്തെയും ക്രമസമാധാനത്തെയും സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ നയങ്ങള്‍ അപഹാസ്യമാണ്. മിക്ക കുട്ടികളും മാതാപിതാക്കളെ കൂടാതെയാണ് വരുന്നത്- അദ്ദേഹം പറഞ്ഞു.
നിയമാനുസൃതമായ നടപടികള്‍ പാലിച്ച്, കുടിയേറ്റത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്നവരോട് കടുത്ത അനീതി പുലര്‍ത്തുന്നതാണ് ഇപ്പോഴത്തെ നയമെന്നും അര്‍ഹതയ്ക്കനുസരിച്ചു മാത്രമാവണം കുടിയേറ്റത്തിനുള്ള അംഗീകാരമെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.
ഡെമോക്രാറ്റുകള്‍ക്കെതിരേ ആഞ്ഞടിച്ച ട്രംപ്, ബുഷും ഒബാമയും ചെയ്തതിനേക്കാള്‍ ഭംഗിയായാണ് തങ്ങള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും നിയമത്തിലെ പഴുതുകള്‍ അടയ്ക്കുകയാണ് മുഖ്യമെന്നും പറഞ്ഞു. അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കണം. കുറ്റകൃത്യങ്ങളില്ലാത്ത സുരക്ഷിതമായ അതിര്‍ത്തികളാണ് ആവശ്യം- ട്രംപ് തുടര്‍ന്നു.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ അമേരിക്ക സ്വീകരിച്ച നയം ലോകവ്യാപകമായി വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ട്രംപ് നിലപാട് കനപ്പിച്ച് രംഗത്തുവന്നത്.
Next Story

RELATED STORIES

Share it