കോടതിയലക്ഷ്യം: ബിജെപി നേതാവ് എച്ച് രാജ മാപ്പു പറഞ്ഞു

ചെന്നൈ: ജുഡീഷ്യറിക്കെതിരേ പരാമര്‍ശം നടത്തിയതിന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ മദ്രാസ് ഹൈക്കോടതിയില്‍ നിരുപാധികം മാപ്പു പറഞ്ഞു. മാപ്പ് രേഖപ്പെടുത്തിയ ശേഷം കോടതി അദ്ദേഹത്തിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു. കോടതി സ്വമേധയാ ആയിരുന്നു രാജക്കെതിരേ ക്രിമിനല്‍ കേസ് എടുത്തിരുന്നത്.
കോടതി ഉത്തരവനുസരിച്ചാണ് ജസ്റ്റിസുമാരായ സി ടി സെല്‍വം, എം നിര്‍മല്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ രാജ ഹാജരായത്. വികാരത്തിന്റെ പുറത്താണ് താന്‍ കോടതിക്കെതിരേ പരാമര്‍ശം നടത്തിയതെന്നും അതിനാല്‍ നിരുപാധികം മാപ്പ് പറയുന്നുവെന്നുമാണ് രാജി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
സപ്തംബര്‍ 17നാണ് കോടതി രാജക്കെതിരേ നടപടി തുടങ്ങിയത്. ജുഡീഷ്യറിയെ അവഹേളിക്കാനുള്ള ഏതു ശ്രമവും ഫാഷിസത്തെ പ്രോല്‍സാഹിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി രാജയ്ക്ക് നോട്ടീസ് അയച്ചത്.
കഴിഞ്ഞ മാസം പുതുക്കോട്ട ജില്ലയില്‍ വച്ച് ഗണേശവിഗ്രഹം നിമജ്ജനം ചെയ്യുന്നതിനുള്ള ഘോഷയാത്രയുടെ വഴി സംബന്ധിച്ച് രാജ പോലിസുകാരുമായി ഇടഞ്ഞിരുന്നു. പോലിസ് ഹിന്ദുവിരുദ്ധരും അഴിമതിക്കാരുമാണെന്ന് പറഞ്ഞ രാജ, കോടതിക്കെതിരായും പരാമര്‍ശം നടത്തി. കോടതി ഉത്തരവ് പ്രകാരം പ്രത്യേക വഴിയിലൂടെയാണ് ഘോഷയാത്ര നടത്തേണ്ടതെന്ന് പോലിസ് പറഞ്ഞതോടെയാണ് രാജ കോടതിയെ അവഹേളിച്ചത്.

Next Story

RELATED STORIES

Share it