Flash News

കോടതിക്ക് സൂപ്പര്‍ രക്ഷിതാവാകാന്‍ കഴിയില്ല

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും സ്വയം തീരുമാനങ്ങളെടുക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്നു സുപ്രിംകോടതി. കോടതി—ക്കു സൂപ്പര്‍ രക്ഷിതാവായി കളിക്കാനാവില്ല. പ്രായപൂര്‍ത്തിയായ മകളുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ടു മാതാവ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് നിരീക്ഷണം. പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീക്കും ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാന്‍ അവകാശമുണ്ട്. അതില്‍ വിലക്കുകളുണ്ടാവാന്‍ പാടില്ല. പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം അവള്‍ക്ക് ആസ്വദിക്കാം. ആഗ്രഹമുള്ളയിടത്തു പോവാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും അവള്‍ക്കു സാധിക്കും. ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിന്ന് അവളെ തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഹരജി പരിഗണിക്കവേ കോടതി ഹാദിയ കേസ് പരാമര്‍ശിക്കുകയും ചെയ്തു. 25 വയസ്സായ ഹാദിയ എന്ന യുവതി ഇസ്‌ലാം സ്വീകരിച്ച് മുസ്‌ലിം യുവാവിനെ വിവാഹം ചെയ്തു. അവരെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു കോളജിലേക്ക് അയക്കുകയും ചെയ്തുവെന്നു കോടതി പറഞ്ഞു. എന്നാല്‍  ഈ കേസില്‍, മാതാവ് പ്രായപൂര്‍ത്തിയായ മകളുടെ കസ്റ്റഡി ആവശ്യപ്പെട്ടു ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതു തള്ളുന്നതായും കോടതി വ്യക്തമാക്കി.  മകളുടെ സംരക്ഷണാവകാശം അമ്മയ്ക്കു നല്‍കിക്കൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവും ഹരജിക്കൊപ്പം സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉത്തരവു പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു. ഹരജിക്കാരിയുടെ മകള്‍ക്കു കഴിഞ്ഞ സപ്തംബറില്‍ പ്രായപൂര്‍ത്തിയായിരുന്നു. തുടര്‍ന്നു കുവൈത്തിലേക്കു പോവാനും അവിടെ അച്ഛനൊപ്പം താമസിക്കാനും പെണ്‍കുട്ടി തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്. കുവൈത്തില്‍ പിതാവിനോടൊപ്പം കഴിയാനാണ് ആഗ്രഹമെങ്കില്‍ അവള്‍ പോവട്ടെയെന്നും  പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായെന്നും അതിനാല്‍ തന്നെ ആര്‍ക്കൊപ്പം ജീവിക്കണമെന്നു തീരുമാനമെടുക്കാന്‍ അവള്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it