Editorial

കോംട്രസ്റ്റ് സമരം നല്‍കുന്ന പാഠവും പാഠാന്തരവും

കോഴിക്കോടിന്റെ പൈതൃക സ്വത്തെന്നു പറയാവുന്ന കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും അതിനോട് അനുബന്ധിച്ചുള്ള സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള ബില്ല് രാഷ്ട്രപതി ശരിവച്ചതോടെ തൊഴിലാളികളുടെ ഇച്ഛാശക്തിയുടെ വന്‍ വിജയമാണ് സാധ്യമായിട്ടുള്ളത്.
2009ലാണ് കോംട്രസ്റ്റ് ഫാക്ടറി പൂട്ടിയത്. അന്നു മുതല്‍ തൊഴിലാളികള്‍ സമരത്തിലായിരുന്നു. പലരും ആനുകൂല്യങ്ങള്‍ വാങ്ങി പിരിഞ്ഞുപോയി. ചിലര്‍ മരിച്ചു. എന്നിട്ടും നിശ്ചയദാര്‍ഢ്യത്തോടെ പിടിച്ചുനിന്ന കുറച്ചു തൊഴിലാളികളുടെ ദൃഢമനസ്‌കതയും അര്‍പ്പണബോധവുമാണ് ഇപ്പോള്‍ ഫാക്ടറി തുറക്കുന്നതിലേക്ക് വഴിതെളിച്ചിട്ടുള്ളത്. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ സമരചരിത്രത്തിലെ അത്യുജ്ജ്വല വിജയങ്ങളിലൊന്നാണിത്.
എന്നാല്‍, കോംട്രസ്റ്റിലെ തൊഴിലാളികള്‍ നടത്തിയ സമരത്തിനും ചില പിന്നാമ്പുറക്കഥകളുണ്ട്. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കു കൂടി ഭരണത്തില്‍ പങ്കാളിത്തമുള്ള മാനേജ്‌മെന്റാണ് കോംട്രസ്റ്റിന്റേത്. ക്രിസ്തീയ വിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്ന വ്യക്തികള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ബാസല്‍ മിഷന്‍ ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പ് ആരംഭിച്ച നെയ്ത്തു ഫാക്ടറി രണ്ടാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികള്‍ നേടിയ വിജയത്തെ തുടര്‍ന്നാണ് ബ്രിട്ടിഷ് അധീനതയില്‍ കോംട്രസ്റ്റ് ആയത്.
കോംട്രസ്റ്റ് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും ദുര്‍വ്യയവും അതിനെ അധോഗതിയിലെത്തിച്ചുവെങ്കില്‍, അതിനു മാനേജ്‌മെന്റില്‍ പങ്കാളിത്തം ഉണ്ടായിരുന്ന തൊഴിലാളി സംഘടനാ പ്രതിനിധികള്‍ കൂടി കാരണക്കാരാണ്. അവരുടെ കൂടി സമ്മതത്തോടെയാണുതാനും കോംട്രസ്റ്റിന്റെ സ്വത്തുക്കള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റത്. സിപിഎമ്മിന്റെ ട്രേഡ് യൂനിയനായ സിഐടിയു ഇതിന് ഒത്താശ ചെയ്യുകയായിരുന്നു. സിപിഎം നേതാക്കള്‍ ഭാരവാഹികളായ ഒരു സഹകരണ സംഘത്തിനു ടൂറിസം വ്യവസായത്തിന്റെ പ്രോല്‍സാഹനാര്‍ഥം നക്ഷത്ര ഹോട്ടല്‍ തുടങ്ങാനും മറ്റു ചില ഇടതുപക്ഷ സഹയാത്രികര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിപ്പിനും വേണ്ടിയാണ് സ്ഥലം വിറ്റത്.
അതുകൊണ്ടുതന്നെ ഇടതുപക്ഷ കക്ഷികള്‍ക്കോ ഇടതു ഗവണ്‍മെന്റിനോ കോംട്രസ്റ്റ് വലിയ വിഷയമായിരുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ സമരത്തെ വേണ്ട വിധത്തില്‍ പിന്തുണച്ചിരുന്നുമില്ല. സമരരംഗത്ത് അവസാനം വരെ ഉറച്ചുനിന്ന ഇ സി സതീശന്റെ നേതൃത്വത്തിലുള്ള എഐടിയുസി സഖാക്കളുടെ ഇച്ഛാശക്തിയെയാണ് ഇക്കാര്യത്തില്‍ നാം പ്രകീര്‍ത്തിക്കേണ്ടത്. പാര്‍ട്ടിയോ മുന്നണിയോ പൊതുസമൂഹം തന്നെയുമോ വേണ്ട വിധത്തില്‍ പിന്തുണച്ചില്ലെങ്കിലും ചില ധര്‍മസമരങ്ങള്‍ വിജയിക്കും എന്നുതന്നെയാണ് കോംട്രസ്റ്റ് സമരത്തിന്റെ പാഠം.
Next Story

RELATED STORIES

Share it