World

കോംഗോ: നാലു ലക്ഷം കുട്ടികള്‍ പട്ടിണിയിലെന്ന് യൂനിസെഫ്

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ പട്ടിണിമരണ ഭീഷണിയിലെന്ന് യൂനിസെഫ്. അടിയന്തരമായി മാനുഷിക സഹായം എത്തിച്ചില്ലെങ്കില്‍ ഇവരുടെ ജീവന്‍ അപകടത്തിലാവുമെന്നും യൂനിസെഫ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാരണം കോംഗോയിലെ കസായ് പ്രവിശ്യയിലെ ജനങ്ങള്‍ കൊടുംപട്ടിണിയിലാണ്. കുട്ടികളെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നത്. കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് അത്യാവശ്യ സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. കുട്ടികളുടെ സംരക്ഷണത്തിന് 88 ദശലക്ഷം ഡോളര്‍ അത്യാവശ്യമാണെന്നും കസായ് മേഖലയില്‍ 38 ലക്ഷം പേര്‍ക്ക് അടിയന്തര സഹായം എത്തിക്കേണ്ടതുണ്ടെന്നും യൂനിസെഫ് വ്യക്തമാക്കി.
2016ല്‍ കസായ് മേഖലയില്‍ സൈന്യവും വിമതരുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചതിനു ശേഷം 13ലക്ഷം ജനങ്ങള്‍ കുടിയൊഴിഞ്ഞുപോവാന്‍ നിര്‍ബന്ധിതരായതായും യുഎന്‍ റിപോര്‍ട്ടില്‍ പറയുന്നു. അഭയാര്‍ഥികളാക്കപ്പെട്ടവര്‍ക്ക് ആവശ്യത്തിനു ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നില്ല. ഇവരില്‍ ഭൂരിഭാഗവും പോഷകാഹാരക്കുറവ് കാരണമുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുമുണ്ട്. 7,70,000 കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. നാലു ലക്ഷത്തോളം പേര്‍ മരണത്തിന്റെ വക്കിലാണ്.
ലോകത്ത് ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ പ്രസിഡന്റ് ജോസഫ് കബിലയുടെ സൈന്യവും വിമതരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. കോംഗോയില്‍ നിന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ 7000ഓളം പേരാണ് ഉഗാണ്ടയിലേക്കു പലായനം ചെയ്തത്. കബില രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്  പ്രക്ഷോഭം രൂക്ഷമായിരിക്കുകയാണ്. 2016ല്‍ കാലാവധി അവസാനിച്ചിട്ടും രാജിവയ്ക്കാന്‍ തയ്യാറാവാതെ അധികാരത്തില്‍ തുടരുകയാണ് ജോസഫ് കബില.
Next Story

RELATED STORIES

Share it