കൊളീജിയം ശുപാര്‍ശകേന്ദ്രനിലപാടില്‍ അതൃപ്തിയുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് വീണ്ടും

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനമെടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ ജസ്റ്റിസ് കുര്യന്‍ ജോസഫ് വീണ്ടും. സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജി നിയമന ശുപാര്‍ശകള്‍ നടപ്പാക്കുന്നത് വൈകിപ്പിക്കരുതെന്ന് ഡല്‍ഹിയില്‍ നടന്ന ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെ കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസാണ് മാസ്റ്റര്‍ ഓഫ് റോസ്റ്ററെങ്കിലും കേസുകളുടെ വിഭജനത്തില്‍ മറ്റ് ജഡ്ജിമാരോടും കൂടിയാലോചിക്കുന്നത് പരിഗണിക്കണം. സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 70 വയസ്സാക്കണമെന്നും കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.
കേസുകള്‍ വൈകുന്നതും കെട്ടിക്കിടക്കുന്നതും സംബന്ധിച്ചു ചാണക്യപുരിയിലെ പ്രവാസി ഭാരതീയ കേന്ദ്രയില്‍ സുപ്രിംകോടതിയും ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടും സംഘടിപ്പിച്ച ചടങ്ങിലാണ് കുര്യന്‍ ജോസഫ് പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത്.
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും പ്രത്യേക ശുപാര്‍ശ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാതെ കേന്ദ്രം അനിശ്ചിതമായി നീട്ടുകയാണ്. രണ്ട് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ മടക്കിയിരുന്നു.
Next Story

RELATED STORIES

Share it