kannur local

കൊളച്ചേരി പഞ്ചായത്തില്‍ ലീഗ്-കോണ്‍ഗ്രസ് ബന്ധം വഷളാവുന്നു

കമ്പില്‍: എല്‍ഡിഎഫ് പിന്തുണയോടെ മുസ്‌ലിം ലീഗ് വിമത പ്രസിഡന്റായ കൊളച്ചേരി പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന മുസ്‌ലിം ലീഗിന്റെ നിര്‍ദേശം കോണ്‍ഗ്രസിലെ വനിതാ അംഗങ്ങള്‍ തള്ളിയതോടെ മുന്നണിബന്ധം കൂടുതല്‍ വഷളായി. വര്‍ഷങ്ങളായി യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ അംഗബലം കൊണ്ട് ലീഗിനായിരുന്നു പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് കോണ്‍ഗ്രസും. എന്നാല്‍, ലീഗിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്ന രീതിയിലുള്ള ഒരുനീക്കവും അംഗീകരിക്കില്ലെന്നാണ് കോണ്‍ഗ്രസിലെ രണ്ട് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ നിലപാട്. ഭൂരിപക്ഷമുണ്ടായിട്ടും ഭരണത്തിനു വെളിയില്‍ നില്‍ക്കേണ്ട ഗതികേടിലാണു ലീഗ്. തിരഞ്ഞെടുപ്പിന് മുമ്പ് ഉടലെടുത്ത മുന്നണിയിലെ തര്‍ക്കം അതുപോലെ നിലനില്‍ക്കുകയാണ്.
പ്രശ്‌നം പരിഹരിക്കാതെ യുഡിഎഫ് പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം എം ഹസനും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ലീഗുമായുള്ള ഒരു ധാരണയ്ക്കും തയ്യാറല്ലെന്ന പിടിവാശിയിലാണ് കൊളച്ചേരി പഞ്ചായത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും അണികളും. പാട്ടയം ഉള്‍പ്പെടെയുള്ള വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ലീഗ് ശ്രമിച്ചെന്നാണ് അവരുടെ ആരോപണം. കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളാണ് പഞ്ചായത്തില്‍ ഉള്ളത്. ഇതില്‍ എം അനന്തന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റാണ്. ലീഗുമായി സഹകരിക്കുന്നതില്‍ അദ്ദേഹത്തിന് കാര്യമായ എതിര്‍പ്പില്ല.
എന്നാല്‍ കോടിപ്പൊയില്‍ വാര്‍ഡ് അംഗവും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ പി നബീസയും, പള്ളിപ്പറമ്പ് വാര്‍ഡ് അംഗവും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ഷറഫുന്നിസയുമാണ് ഇടഞ്ഞുനില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് കോടിപ്പൊയിലും പള്ളിപ്പറമ്പും. ഇവിടെ ആധിപത്യം സ്ഥാപിക്കാനുള്ള ലീഗ് ശ്രമത്തെ പ്രതിരോധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം. ഇക്കാര്യം ഡിസിസി നേതൃത്വത്തിനും നന്നായി അറിയാം.
ലീഗ് അംഗമായിരുന്ന പ്രസിഡന്റ് കെ സി പി ഫൗസിയ രാജിവച്ചതോടെയാണ് പഞ്ചായത്തില്‍ യുഡിഎഫ് സംവിധാനം തകര്‍ന്നത്.
ലീഗ് വിമത കെ എം പി സറീന രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെയും സിപിഎം അംഗങ്ങളുടെയും ബിജെപിയുടെയും പിന്തുണയോടെ പ്രസിഡന്റായി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കുന്നതിലെ വീഴ്ചയാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെടാന്‍ കാരണം. അതേസമയം, ലീഗ് നേതൃത്വത്തില്‍ ചിലരുടെ പിടിപ്പുകേടാണ് ഭരണനഷ്ടത്തിന് കാരണമെന്ന് ചില ലീഗ് പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
Next Story

RELATED STORIES

Share it