കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതിഷേധവുമായി എഴുത്തുകാര്‍

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതിഷേധവുമായി എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ്മ. കേരളത്തിലെയും ഇന്ത്യയിലെ  പൊതുജനങ്ങളുടെ കണ്ണില്‍ കണ്ണൂരിനെ ഒരു കൊലനിലമാക്കി ചിത്രീകരിക്കുകയാണ് വര്‍ഷങ്ങളായി തുടരുന്ന കൊലപാതക പരമ്പര. ഇവയില്‍ ഇരകളാവുന്നവര്‍ സാധാരണ കുടുംബങ്ങളില്‍ നിന്നു വരുന്ന യുവാക്കളാണ്.
വേറൊരു തരത്തില്‍ പറഞ്ഞാല്‍ നേതാക്കള്‍ സുരക്ഷിതരായിരുന്ന് സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടാന്‍ മല്‍സരിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കാണുന്നതെന്നു സച്ചിതാനന്ദനും സക്കറിയയും ടി ഡി രാമകൃഷ്ണനും അടക്കം ഒപ്പിട്ട അഭ്യര്‍ഥനയില്‍ വിവരിക്കുന്നു. കണ്ണൂരിനും കേരളത്തിനു മുഴുവനും അപമാനകരവും ജനാധിപത്യത്തിന്റെ സംവാദാത്മകതയ്ക്കു കടകവിരുദ്ധവുമായ ഈ കൊലപാതക പ്രവണതകള്‍ക്ക് നിത്യവിരാമം കുറിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.  അഭ്യര്‍ഥനയില്‍ കെ പി രാമനുണ്ണി, കെ ജി ശങ്കരപിള്ള, ബി രാജീവന്‍, റഫീഖ് അഹ്മദ്, പി എന്‍ ഗോപീകൃഷ്ണന്‍, സാവിത്രി രാജീവന്‍, ഇ വി രാമകൃഷ്ണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ ഒപ്പിട്ടു.
Next Story

RELATED STORIES

Share it