Flash News

കൊറിയയെ വീഴ്ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

കൊറിയയെ വീഴ്ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍
X

റോസ്‌റ്റോവ്: ഗ്രൂപ്പ് എഫില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കോ വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മെക്‌സിക്കോ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ കൊറിയയുടെ പോരാട്ടം അവസാനിച്ചു.
പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ 4-3-3 ഫോര്‍മാറ്റില്‍ മെക്‌സിക്കോ ബൂട്ടുകെട്ടിയപ്പോള്‍ 4-4-2 ഫോര്‍മാറ്റിലായിരുന്നു കോസ്റ്റാറിക്ക കളി മെനഞ്ഞത്. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തി പന്ത് തട്ടിയ മെക്‌സിക്കോയ്ക്ക് ഒമ്പതാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പോസ്റ്റിന് മുന്നില്‍ നിന്ന് മെക്‌സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിനെ ദക്ഷിണ കൊറിയന്‍ പ്രതിരോധം തട്ടിയകറ്റി. പന്തടക്കത്തില്‍ ഏറെ മുന്നിട്ട് നിന്ന മെക്‌സിക്കോ കൊറിയന്‍ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ചുകൊണ്ടേയിരുന്നു. 20ാം മിനിറ്റില്‍ വലത് വിങിലൂടെ മെക്‌സിക്കോയുടെ ലയ്ന്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 24ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്കനുകൂലമായി പെനല്‍റ്റി ഭാഗ്യമെത്തി. ബോക്‌സിനുള്ളില്‍ യാങ് ഹ്യൂന്‍ സുന്റെ കൈയില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനല്‍റ്റിയെ ലക്ഷ്യം പിഴക്കാതെ കാര്‍ലോസ് വെല വലയിലാക്കുകയായിരുന്നു. 1-0ന് മെക്‌സിക്കോ മുന്നില്‍. 31ാം മിനിറ്റില്‍ ദക്ഷിണ കൊറിയക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും സോന് എടുത്ത കിക്ക് ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നു. ഗോള്‍ മടക്കാന്‍ ദക്ഷിണ കൊറിയന്‍ താരങ്ങളുടെ ശ്രമങ്ങളെല്ലാം മെക്‌സിക്കോയുടെ പ്രതിരോധക്കരുത്തില്‍ തട്ടിതകര്‍ന്നു. 39ാം മിനിറ്റില്‍ ഇടത് വിങിലൂടെ മുന്നേറി സോന്‍ തൊടുത്ത ഷോട്ടിനെ മെക്‌സിക്കോ ഗോളി ഒച്ചോവ സേവ് ചെയ്ത് ടീമിനെ രക്ഷിച്ചു. ആദ്യ പകുതിയിലെ പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ 1-0ന്റെ ആധിപത്യം സ്വന്തമാക്കിയാണ് മെക്‌സിക്കോ കളം പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കം തന്നെ ലീഡുയര്‍ത്താന്‍ മെക്‌സിക്കോയ്ക്ക് അവസരം ലഭിച്ചെങ്കിലും കാര്‍ലോസിന്റെ ദുര്‍ബല ഷോട്ടിന് ലക്ഷ്യം കണ്ടെത്താനായില്ല. 66ാം മിനിറ്റില്‍ മെക്‌സിക്കോ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. ലോസാനോയുടെ അസിസ്റ്റില്‍ ചിച്ചാരിറ്റോയാണ് മെക്‌സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. 2-0ന് മെക്‌സിക്കോ മുന്നില്‍. ഗോള്‍ മടക്കാന്‍ പൊരുതിക്കളിച്ച കൊറിയക്ക് വേണ്ടി 93ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന്‍ ഒരു ഗോള്‍മടക്കി. എന്നാല്‍ സമനിലയ്ക്കത് മതിയാവാതെ വന്നപ്പോള്‍ 2-1ന്റെ ജയത്തോടെ മെക്‌സിക്കോ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റും സ്വന്തമാക്കി. രണ്ടാം തോല്‍വിയോടെ കൊറിയ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
Next Story

RELATED STORIES

Share it