kasaragod local

കൊന്നക്കാട്ട് ഉരുള്‍പ്പൊട്ടല്‍: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കാസര്‍കോട്/ നീലേശ്വരം/ കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് താലൂക്കില്‍ ശക്തമായ മഴയില്‍ കൊന്നക്കാടിന് സമീപത്തെ മഞ്ചുച്ചാല്‍, അശോക്ച്ചാല്‍ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടി. തേക്കാട്ടില്‍ മോഹനന്റെ രണ്ടേക്കറോളം കൃഷിഭൂമി ഉരുള്‍പൊട്ടലില്‍ നശിച്ചു. മഴ ശക്തമായതോടെ ഈ പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. വര്‍ഷങ്ങളായി ശക്തമായ മഴയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന പ്രദേശമാണിത്. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഈ പ്രദേശത്തെ റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്. പാലാവയലിലെ ശ്രീധരന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. കാര്യങ്കോട്പുഴ, വെള്ളരിക്കുണ്ട് പുഴ, കൊന്നക്കാട് പുഴ എന്നിവ കരകവിഞ്ഞിരിക്കുകയാണ്. കാര്യങ്കോട് പുഴയില്‍ ശക്തമായ വെള്ളം കയറിയതിനാല്‍ കാര്യങ്കോട്, മയ്യിച്ച പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പല കിണറുകളും വെള്ളത്തിനടിയിലാണ്.കിഴക്കന്‍ മലകളില്‍ നിന്നുത്ഭവിക്കുന്ന പയസ്വിനി, തേജസ്വിനി തുടങ്ങിയ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. കൃഷി നാശവും പതിന്മടങ്ങാണ്. കയ്യൂര്‍, അണ്ടോള്‍, മുക്കട, പൊതാവൂര്‍ തുടങ്ങി പുഴയോര പ്രദേശങ്ങളിലെ ജനങ്ങള്‍ വെള്ളപ്പൊക്കഭീതിയിലാണ്. ഇന്നലെ വെള്ളരിക്കുണ്ട് താലുക്കില്‍ അനുഭവപ്പെട്ട കനത്ത മഴയില്‍ പുഴകള്‍ നിറഞ്ഞു കവിഞ്ഞതും പലയിടങ്ങളില്‍ മരം പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടതിനാലും പ്രഫഷണല്‍ കോളജുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ഗതാഗത തടസ്സവും വൈദ്യുതി-ടെലഫോണ്‍ സംവിധാനങ്ങളും തകരാറിലായി. മഴക്കാലത്തിന്റ തുടക്കത്തില്‍ തന്നെ മലയോര മേഖലയിലെ വൈദ്യുതി-ടെലഫോണ്‍ ബന്ധം താറുമാറായിരുന്നു, മഴ നിര്‍ത്താതെ പെയ്തു തുടങ്ങിയതോടെ വൈദുതി തകരാര്‍ പൂര്‍ണ്ണമായും നീക്കാന്‍ കഴിഞ്ഞിട്ടില്ല.മെയ് 29 മുതല്‍ ഈ മാസം 12 വരെ ജില്ലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ 1.63 കോടി രൂപയുടെ കൃഷിനാശമുണ്ടായി. 87.19 ഹെക്ടര്‍ കൃഷിസ്ഥലത്താണ് കൃഷിനാശമുണ്ടായത്. 12,804 കുലച്ച വാഴകളും 2051 കുലയ്ക്കാത്ത വാഴകളും നശിച്ചു. കായ്ഫലമുള്ള 7919 കവുങ്ങുകളും കായ്ക്കാത്ത 230 കവുങ്ങുകളും നശിച്ചിട്ടുണ്ട്. ടാപ്പിങ് നടത്തുന്ന 1079 റബര്‍ മരങ്ങളും 1584 തൈമരങ്ങളും നശിച്ചിട്ടുണ്ട്. 591 തെങ്ങ്, 75 കുരുമുളക്, ഏഴു കശുമാവ് എന്നിവയും നശിച്ചിട്ടുണ്ട്. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ 14 ലക്ഷം രൂപയുടെയും പനത്തടി പഞ്ചായത്തില്‍ 13 ലക്ഷത്തിന്റെയും പള്ളിക്കര പഞ്ചായത്തില്‍ 12 ലക്ഷത്തിന്റെയും ബേഡഡുക്കയില്‍ 10,50,000 രൂപയുടെയും കൃഷിനാശമുണ്ടായി. 107 വീടുകള്‍ നശിച്ചിട്ടുണ്ട്. ഇതില്‍ 23 എണ്ണം പൂര്‍ണമായും 84 എണ്ണം ഭാഗികമായും നശിച്ചു. ഈയിനത്തില്‍ 27,72,511 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കാലവര്‍ഷത്തില്‍ ജില്ലയില്‍ മൊത്തം അഞ്ചുപേരാണ് മരണമടഞ്ഞത്. ഇതുവരെ 555.19 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it