malappuram local

കൊണ്ടോട്ടി നഗരസഭ യുഡിഎഫിന്; സി കെ നാടിക്കുട്ടി നഗരസഭാ ചെയര്‍മാന്‍

കൊണ്ടോട്ടി: സിപിഎം ബന്ധം വിട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യുഡിഎഫിലെത്തിയതോടെ കൊണ്ടോട്ടി നഗരസഭയിലെ ഭരണം യുഡിഎഫിന് ലഭിച്ചു. ഇന്നലെ നടന്ന നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കോ ണ്‍ഗ്രസ്സിലെ സി കെ നാടിക്കുട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.
മതേതരമുന്നണി ബന്ധം  ഉപേക്ഷിച്ചാണ് യുഡിഎഫിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് നഗരസഭയുടെ അധ്യക്ഷ സ്ഥാനം നിലനിര്‍ത്തിയത്. 40 അംഗ കൗണ്‍സിലില്‍ സി കെ നാടിക്കുട്ടിക്ക് 27 വോട്ടും, സിപിഎമ്മിലെ പി ഗീതക്ക് 10 വോട്ടും ലഭിച്ചു. രണ്ടുപേരുടെ വോട്ട് അസാധുവായി. കോണ്‍ഗ്രസിലെ ഒരംഗം തിരഞ്ഞെടുപ്പിനെത്തിയതുമില്ല.    കോണ്‍ഗ്രസ് സ്വതന്ത്ര എം റസിയ, എസ്ഡിപിഐയുടെ വി അബ്ദുല്‍ ഹക്കിം എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. റസിയ പേര് എഴുതിയിരുന്നില്ല. രാഷ്ട്രീയ നെറുകേടുകള്‍ക്ക് കൂട്ട് നില്‍ക്കാന്‍ തയ്യാറാവാതെ എസ്ഡിപിഐ അംഗം ഹക്കീം വോട്ട് അസാധുവാക്കുകയായിരുന്നു.
നഗരസഭാ ഒന്നാം വര്‍ഡ് നീറ്റാണിയിലെ അംഗം കോണ്‍ഗ്രസിലെ പി സൈതലവി തിരഞ്ഞെടുപ്പിനെത്തിയില്ല. എന്നാ ല്‍ മുസ്‌ലിം ലീഗ് വിമതനായി മല്‍സരിച്ച് ജയിച്ച അയ്യാടന്‍ മുഹമ്മദ്ഷാ മാസ്റ്റര്‍ യുഡിഎഫിനെ പിന്തുണച്ചു. നിലവില്‍ മതേതര മുന്നണിയുടെ കണ്‍വീനറാണ് മുഹമ്മദ്ഷാ മാസ്റ്റര്‍.
കോണ്‍ഗ്രസ് മതേതര മുന്നണി വിട്ടതിന്റെ തുടര്‍ച്ചയായി ഉപാധ്യക്ഷ കെ ആയിഷാബി രാജിവച്ചു. അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് ഉപാധ്യക്ഷ രാജിവച്ചത്. കഴിഞ്ഞ ഒന്നിനാണ് ആയിഷാബിയെ ഉപാധ്യക്ഷയായി തിരഞ്ഞെടുത്തത്. രണ്ടേകാല്‍ വര്‍ഷത്തെ മതേതരമുന്നണി ഭരണത്തിന് വിരാമമിട്ടാണ് യുഡിഎഫ് നഗരസഭയില്‍ അധികാരത്തിലേറിയത്. മതേതര മുന്നണി ഭരണത്തിലും സി കെ നാടിക്കുട്ടിയായിരുന്നു നഗരസഭാധ്യക്ഷന്‍. സീറ്റ് വിഭജനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസും തമ്മിലുണ്ടായ അസ്വരാസ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ഇടതു കൂട്ടുകെട്ടില്‍ മതേതര മുന്നണിയുണ്ടാക്കിയത്.
40 അംഗ ഭരണസമിതിയില്‍ മതേതര മുന്നണിക്ക് 21 സീറ്റും മുസ്‌ലിംലീഗിന് 18 സീറ്റും ലഭിച്ചു. മുന്നണിയിലെ ധാരണപ്രകാരം അധ്യക്ഷപദവിയില്‍ കോണ്‍ഗ്രസിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സി കെ നാടിക്കുട്ടി. രാജിവച്ചത്. ഫെബ്രുവരി ഒന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ 10 കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒമ്പത് പേര്‍ സിപിഎമ്മിലെ പി ഗീതയെയാണ് പിന്തുണച്ചത്. എസ്ഡിപിഐ പിന്തുണയുടെ പേരില്‍ പി ഗീത സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ തന്നെ രാജിവച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
യുഡിഎഫിലെ ധാരണപ്രകാരം ആറ് മാസത്തേക്കാണ് കോണ്‍ഗ്രസിന് അധ്യക്ഷസ്ഥാനം. അതുകഴിഞ്ഞ് അധ്യക്ഷസ്ഥാനം ലീഗ് ഏറ്റെടുക്കും. ഉപാധ്യക്ഷസ്ഥാനം കോണ്‍ഗ്രസിന് നല്‍വും.
നിലവിലെ സ്ഥിരം സമിതികള്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പുനസംഘടിപ്പിക്കും. മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് അംഗങ്ങളായ 13 പേര്‍ വിവിധ സ്ഥിരം സമിതികളില്‍ നിന്ന രാജിവച്ചിട്ടുണ്ട്. സ്ഥിരം സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ്  വൈകാതെ നടക്കും.
Next Story

RELATED STORIES

Share it