palakkad local

കൊട്ടക്കുളത്തിനു നവജീവനേകി ചിറ്റൂര്‍ കോളജ് എന്‍എസ്എസ് സംഘം

ചിറ്റൂര്‍: ജലസംരക്ഷണ ബോധവല്‍ക്കരണ ആശയങ്ങളുടെ ആവേശം നവസമൂഹ മാധ്യങ്ങളില്‍ മാത്രം ഒതുങ്ങാനുള്ളതല്ല എന്ന് ഓര്‍മപ്പെടുത്തുകയാണ് ചിറ്റൂര്‍ കോളജ് എന്‍എസ്എസ് വിദ്യാര്‍ഥി കൂട്ടായ്മ. കടുത്ത വേനലും ജലദൗര്‍ലഭ്യവും നേര്‍ക്കാഴ്ചകളാവുമ്പോള്‍ പ്രതികരണം എങ്ങനെയാവണമെന്നതിനു ഉത്തമ മാതൃകകളാണ്  ചിറ്റൂര്‍ കോളജ് എന്‍എസ്എസ് കൂട്ടായ്മയുടേത്.
നവമാധ്യമങ്ങളില്‍ മാത്രം ഒതുങ്ങി കൂടുന്ന ജലസംരക്ഷണ ബോധവല്‍ക്കരണത്തില്‍നിന്നും വ്യത്യസ്തമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ചിറ്റൂര്‍ കോളജ് എന്‍എസ്എസ് യൂനിറ്റുകളുടെ ജലസംരക്ഷണ പദ്ധതി ജലായനം നല്ല ജലം നാളേക്കായ്‌യുടെ ഭാഗമായി തേങ്കുറുശ്ശി, തെക്കേത്തറ ആറാംവാര്‍ഡ് കൊട്ടക്കുളമാണ് ഇത്തവണ ശുചീകരിച്ചത്. മൂന്നേക്കറോളം വരുന്ന തേങ്കുറുശ്ശി ആറാംവാര്‍ഡിലെ ഈ കുളം നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫിസറായ കെ പ്രദീഷിന്റെ നേതൃത്വത്തില്‍ അമ്പതോളം വോളന്റിയര്‍മാര്‍ ആറു മണിക്കൂര്‍ കഠിനമായി പരിശ്രമിച്ചതിന്റെ ഭാഗമായാണ് ശുചീകരിക്കാന്‍ സാധിച്ചത്. വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനത്തില്‍ ഊര്‍ജ്ജം ഉള്‍കൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്യാകുമാര്‍ തേങ്കുറുശ്ശിയും നാട്ടുകാരും സഹായിക്കാനായെത്തി.
മൂന്നുവര്‍ഷമായി ശുചീകരങ്ങളൊന്നുമില്ലാതെ കുളവാഴയും പുല്ലും, ആഫ്രിക്കന്‍ പായലും, കരിചണ്ടിയും മൂടിക്കിടന്ന കുളമാണ് ഇവര്‍ ശുചീകരിച്ചത്. ഒരു കാലത്ത് രാവിലെ നാലുമണിമുതല്‍ വൈകിട്ട് ആറു മണിവരെ നൂറോളം ആളുകള്‍ കുളിക്കാന്‍ കുളം ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
മഴയുടെ ലഭ്യത വര്‍ഷംതോറും കുറയുന്നതില്‍നിന്നും ആകുലാരായി നിലവിലെ കുളങ്ങളുടെ സംരക്ഷണമാണ് പാലക്കാടിന്റെ നിലനില്‍പ്പിനു ആധാരം എന്നു മനസ്സിലാക്കി ചിറ്റൂര്‍ കോളജ് എന്‍എസ്എസ് യൂണിറ്റുകളുടെ ജലസംരക്ഷണ പദ്ധതി ജലായനം നല്ല ജലം നാളേക്കായുടെ ഭാഗമായി പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ കുളശുചീകരണം ഏറ്റെടുത്തത്. യൂണിറ്റുകളുടെ ദത്തുഗ്രാമമായ പട്ടഞ്ചേരി പഞ്ചായത്തിലെ ഹൈസ്‌കൂള്‍ കുളം, ചോറക്കോട് കുളം, കിട്ടുമാന്‍കോവില്‍ ക്ഷേത്രക്കുളം, പാലക്കാട് തേങ്കുറുശ്ശിയിലെ വാക്കുളം, കരിപ്പാങ്കുളം, മന്നത്തുകാവ് തായങ്കാവ് ക്ഷേത്രക്കുളം,  പിരായിരിയിലെ കുന്നംകുളം, പാലക്കാട് വടക്കന്തറ തുടങ്ങി പാലക്കാട്ടെ പത്തു പൊതുകുളങ്ങളുടെ ശുചീകരണം ഇതിനോടകം എന്‍എസ്എസ് വോളന്റിയര്‍മാര്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരായ ടി ജയന്തി, കെ പ്രദീഷ് വിദ്യാര്‍ഥികളായ എം ബി ഷാബിര്‍, സായ് പ്രശാന്ത്, എസ് പ്രമോദ്, കെ വൈഷ്ണ, വി സഞ്ജയ് എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വാര്‍ഡ് മെംബര്‍ എം ലീലാവതി, വൈസ് പ്രസിഡന്റ് എസ് രവീന്ദ്രന്‍, അമ്പലനട യൂത്ത് ഐകണ്‍ ക്ലബ് ഭാരവാഹികള്‍, ടി പി ശിവപ്രകാശ് സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it