കൊട്ടക്കാമ്പൂരിലെ കൈയേറ്റം; വിവാദ ഭൂമി ഉപേക്ഷിക്കാന്‍ ജോയ്‌സ് ജോര്‍ജിനു മേല്‍ സമ്മര്‍ദം

സി  എ  സജീവന്‍

തൊടുപുഴ: കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിച്ച് ആരോപണമുക്തനാവാന്‍ ജോയ്‌സ് ജോര്‍ജ് എംപിക്കുമേല്‍ സിപിഎം സമ്മര്‍ദം. ഇക്കാര്യം പാര്‍ട്ടി നേതൃത്വം എംപിയുമായി പങ്കുവച്ചതായാണ് പാര്‍ട്ടികേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇതിനോട് എംപിയോ കുടുംബമോ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ആലോചിച്ചു പറയാമെന്ന മറുപടിയാണ് എംപി പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയത്.
കൊട്ടക്കാമ്പൂരിലെ കൈയേറ്റഭൂമി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് എംപിയും കുടുംബവും ആലോചിക്കുന്നതായി തനിക്കറിയാമെന്ന് മന്ത്രി എം എം മണി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. വിവാദ ഭൂമി ഉപേക്ഷിച്ച് പ്രശ്‌നത്തില്‍ നിന്നു തടിയൂരാനുള്ള സിപിഎം നിര്‍ദേശത്തിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. കൊട്ടക്കാമ്പൂരിലേത് പിതൃസ്വത്തായി ലഭിച്ചതാണെങ്കിലും ആ ഭൂമിയുടെ ആധികാരികത തെളിയിക്കുന്ന രേഖകളൊന്നും എംപിയുടെ പക്കല്‍ ഇല്ലെന്ന് സിപിഎം നേതൃത്വം കരുതുന്നു. ജില്ലാ കലക്ടര്‍ക്കുമേല്‍ സ്വാധീനം ചെലുത്തിയാണ് പട്ടയം റദ്ദ് ചെയ്ത നടപടിയില്‍ വീണ്ടും ഹിയറിങ് നടത്താന്‍ തീരുമാനമുണ്ടായതെന്ന ആക്ഷേപം ഇപ്പോള്‍ത്തന്നെയുണ്ട്. ഈ മാസം 24നു നടക്കുന്ന ഹിയറിങില്‍ ഭൂമിയുടെ കാര്യത്തില്‍ എംപിക്കും കുടുംബത്തിനും അനുകൂല തീരുമാനം ദേവികുളം സബ് കലക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നു സിപിഎം കരുതുന്നില്ല. ഇത്രയും വിവാദമായ സ്ഥിതിക്ക് രാഷ്ട്രീയ ഇടപെടലിലൂടെ ഭൂമിപ്രശ്‌നം പരിഹരിക്കാനുമാവില്ല.
ഈ സാഹചര്യത്തില്‍ വരാന്‍ പോവുന്ന തിരഞ്ഞെടുപ്പില്‍ ഈ ഭൂമിപ്രശ്‌നം സിപിഎമ്മിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കും. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇടുക്കിയില്‍ നിലനില്‍ക്കുന്നത്. എന്നാല്‍, കൈയേറ്റക്കാരന്‍ എന്ന ലേബല്‍ ആ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് സിപിഎം ആശങ്കപ്പെടുന്നു. അതിനാലാണ് വിവാദ ഭൂമി വേണ്ടെന്നുവച്ച് പ്രശ്‌നപരിഹാരത്തിന് സിപിഎം ശ്രമിക്കുന്നത്.
അതേസമയം, ഈ നിര്‍ദേശം ജോയ്‌സ് ജോര്‍ജും കുടുംബവും ചെവികൊള്ളില്ലെന്നാണ് എംപിയുമായടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പട്ടയം 24 ഏക്കറിനാണെങ്കിലും ആകെ 50 ഏക്കറോളം ഭൂമി കുടുംബത്തിന്റെ കൈവശമുണ്ട്. ഇപ്പോള്‍ ഇവിടെ യൂക്കാലികൃഷി ചെയ്തിരിക്കുകയാണ്.
ഓരോ നാലുവര്‍ഷവും കോടിക്കണക്കിനു രൂപയാണ് ഇതിന്റെ വില്‍പനയിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ ഇലക്ഷനു മുമ്പ് ഇവിടത്തെ യൂക്കാലി തോട്ടം വില്‍പനയിലൂടെ കിട്ടിയത് 1.29 കോടി രൂപയായിരുന്നു. ഇത്തവണ നാലുകോടി രൂപയെങ്കിലും യൂക്കാലി മരക്കച്ചവടത്തിലൂടെ കൈയില്‍ വരുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഭൂമി വിട്ടൊരു കളിക്ക് എംപിയും കുടുംബവും തയ്യാറാവാന്‍ സാധ്യത കുറവാണ്.
Next Story

RELATED STORIES

Share it