thrissur local

കൊടുങ്ങല്ലൂര്‍-അത്താണി എയര്‍പോര്‍ട്ട് റോഡില്‍ തകര്‍ച്ച വ്യാപകം

മാള: നിര്‍മാണത്തിലെ അപാകതകളെക്കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിലെ തകര്‍ച്ച വ്യാപകമാകുന്നു. ജലനിധി പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടി റോഡ് തകരുന്നതിന് പുറമേ വെള്ളക്കെട്ടും തകര്‍ച്ചക്ക് കാരണമാകുന്നുണ്ട്. കൊച്ചുകടവ് മുതല്‍ പൊയ്യ വരെയുള്ള ഒന്‍പത് കിലോമീറ്ററോളം വരുന്ന റോഡില്‍ നൂറുകണക്കിന് ഇടങ്ങളില്‍ ചെറുതും വലുതുമായ തകര്‍ച്ചയുണ്ട്.
ബി എം ബി സി ടാറിങ് നടത്തിയ റോഡില്‍ കൂടുതലായി തകര്‍ന്നിട്ടുള്ളത് പഴയ ടാറിങ് കഴിഞ്ഞുള്ളിടത്ത് പുതുതായി മെറ്റലിങ് നടത്തി ടാറിങ് നടത്തിയിട്ടുള്ളിടത്താണ്. ഒരുപാടിടങ്ങളില്‍ റോഡിന്റെ അരിക് അടര്‍ന്ന് നില്‍ക്കുകയാണ്. തകര്‍ന്ന് കുഴികളായുള്ളിടത്ത് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുണ്ട്. അഞ്ചു വര്‍ഷം ഗ്യാരന്റിയോടെയാണ് റോഡ് പണിതതെങ്കിലും പണി കഴിഞ്ഞ് മാസങ്ങള്‍ക്കകം റോഡിന്റെ തകര്‍ച്ച തുടങ്ങിയിരുന്നു.
ഇതുവരെ അറ്റകുറ്റ പണികളൊന്നും നടത്തിയിട്ടില്ല. പണിയിലെ അപാകതകളെക്കുറിച്ച് പരാതികളും വാര്‍ത്തകളും നിരന്തരം ഉണ്ടായതിനെ തുടര്‍ന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് കീഴിലുള്ള വിജിലന്‍സ് സംഘം എത്തി പരിശോധന നടത്തിയിരുന്നു. 2016 സെപ്റ്റംബര്‍ 20 നും 2017 നവംബര്‍ ഒന്‍പതിനുമാണ് വിജിലന്‍സ് പരിശോധന നടത്തിയത്.  പൊയ്യ മുതല്‍ ബി എം ബി സി ടാറിംഗ് നടത്തിയ കൊച്ചുകടവ് വരെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ആദ്യം പരിശോധന നടത്തി റോഡില്‍ നിന്നെടുത്ത സാമ്പിളുകള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കി പരിശോധനാ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിക്ക് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതി കേസെടുക്കുകയുമുണ്ടായി. കേസിന്റെ ഭാഗമായാണ് പിന്നിട് വിജിലന്‍സ് സംഘമെത്തി വീണ്ടും സാമ്പിളുകള്‍ ശേഖരിച്ചത്. കൊച്ചുകടവ് മുതല്‍ ബിറ്റുമിന്‍ മെക്കാടം കഴിഞ്ഞ് ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് ചെയ്ത് തുടങ്ങിയപ്പോള്‍ മുതല്‍ ജനങ്ങളില്‍ നിന്നും വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.
ചെങ്ങമനാട് മുതല്‍ കൊച്ചുകടവ് ഷാപ്പ് ജങ്ഷനുമപ്പുറം വരെ കാര്യമായ പരാതികള്‍ക്കിടം നല്‍കാതെയുള്ള രീതിയിലാണ് റോഡിന്റെ പണി നടത്തിയിരുന്നത്. എന്നാല്‍ അവിടം മുതല്‍ വളരെ മോശമായ രീതിയിലാണ് റോഡിന്റെ പണി നടത്തിയിരിക്കുന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്‍പായി തിരക്ക് പിടിച്ച് പണിതതാണ് റോഡ് നിര്‍മാണത്തിലെ അപാകതകള്‍ക്ക് പ്രധാന കാരണം. ക്രമക്കേട് ബോധ്യമായി വിജിലന്‍സ് കോടതി കേസ് ഫയല്‍ ചെയ്ത് വീണ്ടും സാമ്പിളുകള്‍ ശേഖരിച്ചതിന് ശേഷം കേസ് അട്ടിമറിക്കപ്പെട്ടെന്നാണ് ജനസംസാരം. അന്നത്തെ ഭരണകക്ഷിയിലെ പ്രമുഖ നേതാക്കള്‍ക്കടക്കം പങ്കുള്ളതിനാലാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നാണ് ഉയരുന്ന ആക്ഷേപം. വ്യാപകമായി ഉണ്ടായ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നായാവശ്യം വീണ്ടും ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it