കൊടിനാട്ടാനും പ്രവര്‍ത്തിക്കാനും തങ്ങളുടെ അനുമതി വേണമെന്ന് എസ്എഫ്‌ഐ

പാലക്കാട്: ഗവ. വിക്ടോറിയ കോളജില്‍ മറ്റു വിദ്യാര്‍ഥിസംഘടനകള്‍ക്ക് കൊടിനാട്ടാനും സംഘടനാപ്രവര്‍ത്തനം നടത്താനും തങ്ങളുടെ അനുമതി വേണമെന്ന് എസ്എഫ്‌ഐ.
കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ മെംബര്‍ഷിപ്പ് കാംപയിന്‍ കോളജ് കാംപസില്‍ നടത്തുന്നത് സംഘടിച്ചെത്തിയ എസ്എഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഫ്രറ്റേണിറ്റിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും സംസ്ഥാന നേതാക്കളെ പോലിസ് സാന്നിധ്യത്തില്‍ വച്ചുതന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഈ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വര്‍ഗീയസംഘടനയാണെന്നും അത്തരം സംഘടനകളെ കോളജ് കാംപസില്‍ അനുവദിക്കില്ലെന്നുമാണ് എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നത്.
അതിക്രമത്തിനു മുതിര്‍ന്ന എസ്എഫ്‌ഐക്കാര്‍ക്കെതിരേ നടപടിയെടുക്കേണ്ട പോലിസ് പകരം ഫ്രറ്റേണിറ്റി നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പിന്നീട് അവരെ ജാമ്യത്തില്‍ വിട്ടു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ സംഘടനാനേതൃത്വം ഫേസ്ബുക്കില്‍ വിശദീകരണവുമായെത്തി. വിക്ടോറിയ കോളജില്‍ ജനാധിപത്യം ഉണ്ടെന്നും എബിവിപി പ്രവര്‍ത്തിക്കുന്നത് അതിന് ഉദാഹരണമാണെന്നും പോസ്റ്റ് വെളിപ്പെടുത്തുന്നു.
എന്നാല്‍, എബിവിപിയെ അംഗീകരിക്കുന്ന എസ്എഫ്‌ഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റിനെ ആട്ടിന്‍തോലിട്ട ചെന്നായ എന്നും സംഘര്‍ഷം സൃഷ്ടിക്കുന്നവരെന്നും ആരോപിക്കുന്നു. ഫ്രറ്റേണിറ്റി പോലുള്ള വര്‍ഗീയവാദികള്‍ കാംപസില്‍ വേണ്ടെന്നത് എസ്എഫ്‌ഐയുടെ തീരുമാനമാണെന്നും അത് ഫാഷിസമാണെങ്കില്‍ തങ്ങള്‍ ഫാഷിസ്റ്റുകളാണെന്നും പോസ്റ്റ് പറയുന്നു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പോലെയുള്ള സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കില്ലെന്നും എന്നാല്‍, സംഘപരിവാര സംഘടനയായ എബിവിപിക്ക് പ്രവര്‍ത്തിക്കാമെന്നും പറയുന്നതിലൂടെ തന്നെ എസ്എഫ്‌ഐയുടെ വര്‍ഗീയ മുഖമാണ് വെളിപ്പെടുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച. കോളജുകള്‍ തുറന്നതോടെ എസ്എഫ്‌ഐ പ്രധാന കവാടങ്ങളില്‍ ബലമായി തങ്ങളുടെ ബാനര്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേയുള്ള വിമര്‍ശനവും ശക്തമാണ്.
Next Story

RELATED STORIES

Share it