Idukki local

കൊടികുത്തി മല പൊളിച്ചടുക്കാന്‍ ഖനന മാഫിയയുടെ നീക്കം

തൊടുപുഴ: കൊടികുത്തി മല പൊളിച്ചടുക്കാനുള്ള ഖനന മാഫിയയുടെ നീക്കത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കയില്‍. പുറപ്പുഴ പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഈ മല. മലയിലും പരിസരത്തുമായി ആയിരത്തോളം കുടുംബങ്ങള്‍ ഇന്നുണ്ട്. കൊടികുത്തി മലയിലെ താമസക്കാര്‍ക്ക് 1977ല്‍ പട്ടയം നല്‍കി. പട്ടയഭൂമിയോട് ഇടകലര്‍ന്നാണ് പാറയും തരിശുമായി 400 ഏക്കറോളം സര്‍ക്കാരിന്റെ അധീനതയിലുള്ളത്.
ഇതിലാണ് ഇന്ന് ഖനന മാഫിയയുടെ കണ്ണ് പതിഞ്ഞിട്ടുള്ളത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി വീടുകള്‍ പലതും അവര്‍ വിലയ്ക്കു വാങ്ങുകയാണ്.
പാറ ഖനനവും മണ്ണിടിച്ചിലും കൊടുകുത്തി മലയുടെ പാരിസ്ഥിതിക സന്തുലനം തകര്‍ക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പാറക്കെട്ടുകള്‍ നശിക്കുന്നതോടെ നീരുറവകള്‍ വറ്റും.അരുവികളും വെള്ളച്ചാട്ടങ്ങളും ഇല്ലാതാവും. താഴ് വരയിലെ ജീവിതവും ഇതോടെ ദുസ്സഹമാകും. മനുഷ്യ നിര്‍മിതമായ വന്‍ പ്രകൃതി ദുരന്തത്തിനാവും നാട് സാക്ഷ്യം വഹിക്കുകയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു
തൊടുപുഴ താലൂക്കിലെ ജലസമൃദ്ധിയുടെ ജീവനാഡി കൊടികുത്തിമലയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അറബിക്കടലില്‍ നിന്ന് വീശുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റിനെയും വടക്കുകിഴക്കന്‍ കാറ്റിനെയും തടഞ്ഞുനിര്‍ത്തി പുറപ്പുഴ പഞ്ചായത്തിലും സമീപ പ്രദേശങ്ങളായ കരിങ്കുന്നം, മണക്കാട്, രാമപുരം, മാറിക എന്നിവിടങ്ങളിലും മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്.
കുണിഞ്ഞി, മാറിക തോടുകളിലേക്കുള്ള കൈവഴികള്‍ ഉത്ഭവിക്കുന്നത് കൊടികുത്തിയില്‍ നിന്നാണ്. മെയ് മുതല്‍ ജനുവരി വരെ രണ്ടു തോടുകള്‍ക്കും ആവശ്യമായ വെള്ളം ഈ കൈത്തോടുകള്‍ എത്തിക്കുന്നു. കുണിഞ്ഞി, മാറിക തോടുകള്‍ പതിക്കുന്ന മൂവാറ്റുപുഴയാറിനും ഇതോടെ സമൃദ്ധി കൈവരും. നിരവധി വെള്ളച്ചാട്ടങ്ങളും കൈത്തോടുകളിലുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് 1854ല്‍ ഇവിടെ ട്രിഗണോമെട്രിക് സര്‍വെ നടത്തിയിരുന്നു. അതിന്റെ അവശേഷിപ്പുകള്‍ ഇന്നും മലമുകളില്‍ കാണാം. സര്‍വെയുടെ ഭാഗമായി ബ്രിട്ടീഷുകാര്‍ കൊടി നാട്ടിയതിനാലാണ് കൊടികുത്തിമല എന്ന് പേരു വന്നതെന്ന് കരുതുന്നു.നെല്ലാപ്പാറ റിസര്‍വിലെ കുട്ടിവനം എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
Next Story

RELATED STORIES

Share it