thrissur local

കൊടകരയില്‍ ലക്ഷങ്ങളുടെ കൃഷി നാശം; കാല്‍ ലക്ഷം നേന്ത്രവാഴകള്‍ ഒടിഞ്ഞുവീണു

കൊടകര: കൊടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ആഞ്ഞടിച്ച കാറ്റ് കാര്‍ഷികമേഖലയില്‍ വരുത്തിയത് ലക്ഷങ്ങളുടെ നഷ്ടം . കൊടകര, മറ്റത്തൂര്‍, പറപ്പൂക്കര പഞ്ചായത്തുകളിലായി എഴുപതുലക്ഷത്തോളം രൂപയുടെ കാ ര്‍ഷിക വിളകള്‍ നശിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
തെങ്ങ്, ജാതി, കവുങ്ങ്,വാഴ തുടങ്ങിയ വിളകളാണ് കാറ്റില്‍ വ്യാപകമായി നശിച്ചത്. ഏറ്റവും കൂടുതല്‍ നാശം നേരിട്ടത് നേന്ത്രവാഴകര്‍ഷകര്‍ക്കാണ്. കാല്‍ലക്ഷത്തോളം നേന്ത്രവാഴകള്‍ ഈ മേഖലയില്‍ കാറ്റില്‍ നശിച്ചതായാണ് വിവിധ കൃഷിഭവനുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ ആദ്യത്തോടെ വിളവെടുക്കാന്‍ പാകമാകേണ്ട ആയിരക്കണക്കിന് വാഴക്കുലകള്‍ കാറ്റില്‍ ഒടിഞ്ഞു നശിച്ചിട്ടുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത വാഴകളും കാറ്റില്‍ നിലംപൊത്തി. പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പ്രദേശത്തുള്ള വാഴകര്‍ഷകര്‍ക്കാണ് കൂടുതല്‍ നാശം നേരിട്ടത്. കൊടകര പഞ്ചായത്തിലെ വല്ലപ്പാടി, അഴകം, പെരിങ്ങാംകുളം, പേരാമ്പ്ര, കാവില്‍പ്പാടം എന്നിവിടങ്ങളിലും മറ്റത്തൂര്‍ പഞ്ചായത്തിലെ കാവനാട്, മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി,വാസുപുരം, ഇത്തുപ്പാടം പ്രദേശങ്ങളിലും വാഴകള്‍ ഒടിഞ്ഞുവീണു നശിച്ചു. ബാങ്കില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വന്‍തുക വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും ഏറെ പ്രതീക്ഷകളോടെ വാഴകൃഷിയിറക്കിയ കര്‍ഷകരെ വേനല്‍മഴ ചതിച്ചു.
പല കര്‍ഷകരുടേയും വാഴകള്‍ പൂര്‍ണമായും കൊടകര പഞ്ചായത്തിലെ കാവില്‍പാടത്തും പെരിങ്ങാംകുളത്തുമായി നാലായിരം നേന്ത്രവാഴകള്‍ കൃഷി ചെയ്ത രണ്ടുകൈ സ്വദേശി വലരിയില്‍ ബേബി എന്ന കര്‍ഷകന്റെ മുഴുവന്‍ വാഴകളും കാറ്റില്‍ നശിച്ചു.
ബേബി പെരിങ്ങാംകുളത്ത് കൃഷി ചെയ്ത രണ്ടായിരത്തോളം ആറ്റുനേന്ത്രനും കാറ്റ് നശിപ്പിച്ചു. ഒരു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പിനു പാകമാകേണ്ട വാഴകള്‍ കാറ്റില്‍ ഒടിഞ്ഞുനശിച്ചതോടെ പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് തനിക്ക് ഉണ്ടായതെന്ന് ബേബി പറഞ്ഞു. പരിയാരത്തുള്ള ബാങ്കില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് കൃഷിയിറക്കിയ ബേബി വായ്പ തിരിച്ചടക്കാന്‍ വഴി കാണാതെ വിഷമിക്കുകയാണ്. കൃഷി നാശം നേരിട്ടവര്‍ക്ക് അടിയന്തിര ധനസഹായം നല്‍കാനും കാര്‍ഷിക വായ്പ എഴുതിതള്ളാനും നടപടി ഉണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it