Flash News

കൊച്ചി മെട്രോ : 142 ട്രിപ്പുകളുമായി ട്രയല്‍ സര്‍വീസിന് തുടക്കം



കൊച്ചി: യാത്രക്കാരെയുമായി സര്‍വീസ് തുടങ്ങുന്നതിനു മുന്നോടിയായി കൊച്ചി മെട്രോയുടെ ട്രയല്‍ സര്‍വീസുകള്‍ തുടങ്ങി. സുരക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച നാല് ട്രെയിനുകള്‍ ഉപയോഗിച്ച് 142 ട്രിപ്പുകളാണ് ഇന്നലെ നടത്തിയത്. ഒരേസമയം ഇരുവശത്തേക്കും ട്രെയിന്‍ സര്‍വീസും നടത്തി. രാവിലെ ആറിന് തുടങ്ങിയ ട്രയല്‍ സര്‍വീസുകള്‍ രാത്രി 10 വരെ നീണ്ടു. വൈകുന്നേരത്തോടെ കൊച്ചി നഗരത്തില്‍ അപ്രതീക്ഷിതമായി മഴപെയ്‌തെങ്കിലും ട്രയല്‍ സര്‍വീസ് തുടര്‍ന്നു. 35 കിലോമീറ്റര്‍ വേഗതയില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കി.മീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 26 മിനിറ്റാണ് എടുത്തത്. 11.5 മിനിറ്റ് ഇടവേളയിലായിരുന്നു ഓരോ സര്‍വീസുകളും. ട്രയല്‍ സര്‍വീസ് ഇന്നും തുടരുമെന്നും കൊച്ചി മെട്രോ റെയില്‍ (കെഎംആര്‍എല്‍) അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തുമ്പോള്‍ സ്വീകരിക്കുന്ന അതേ രീതിയില്‍ തന്നെ ആലുവയ്ക്കും പാലാരിവട്ടത്തിനും ഇടയിലുള്ള പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷനുകളിലെല്ലാം ട്രെയിന്‍ നിര്‍ത്തിയായിരുന്നു ട്രയല്‍ സര്‍വീസ്. സിഗ്‌നലിങ് സംവിധാനം പൂര്‍ണമായും ഇന്നലെ ട്രയല്‍ സര്‍വീസില്‍ ഉപയോഗപ്പെടുത്തി. പാസഞ്ചര്‍ അനൗണ്‍സ്‌മെന്റ്, ട്രെയിനിനകത്തും സ്റ്റേഷനിലുമുള്ള ഡിസ്‌പ്ലേ സംവിധാനങ്ങള്‍ എന്നിവ ഭാഗികമായാണ് പരീക്ഷിച്ചത്. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റവും (സിബിടിസി) ഭാഗികമായാണ് ആദ്യദിനം പരീക്ഷിച്ചത്. സിബിടിസി സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോയാണ് കൊച്ചിയിലേത്. കണ്‍ട്രോള്‍ യൂനിറ്റില്‍ നിന്നും മെട്രോ ട്രെയിനുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. സര്‍വീസും അനുബന്ധ സംവിധാനങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പാക്കും വരെ ട്രയല്‍ സര്‍വീസ് തുടരാനാണ് കെഎംആര്‍എല്‍ ഉദ്ദേശിക്കുന്നത്. സര്‍വീസിനൊപ്പം സജ്ജീകരിച്ച വിവിധ സംവിധാനങ്ങളും ട്രയല്‍ സര്‍വീസിനൊപ്പം ഘട്ടംഘട്ടമായി പരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ട്രയല്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും. മെട്രോ സര്‍വീസിന് അനുബന്ധമായി കാല്‍നടയാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ആലുവയില്‍ കെഎംആര്‍എല്‍ നിര്‍മിക്കുന്ന പുതിയ നടപ്പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആലുവ ഫ്‌ളൈ ഓവറിനു താഴെ മെട്രോ സ്‌റ്റേഷന്‍ മുതല്‍ പുളിഞ്ചോട് വരെയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പുതിയ നടപ്പാത നിര്‍മിക്കുന്നത്. നടപ്പാതയിലെ തടസ്സങ്ങള്‍ നീക്കുന്ന ജോലികളാണു തുടങ്ങിയത്. നടപ്പാതയുടെ വശങ്ങളില്‍ ചെടികള്‍ വച്ചുപിടിപ്പിച്ചു മനോഹരമാക്കും. ആവശ്യത്തിനു ലൈറ്റുകളും കെഎംആര്‍എല്‍ സ്ഥാപിക്കും. നിലവില്‍ കാല്‍നട യാത്രക്കാര്‍ക്ക് ആലുവയില്‍ നിന്നും പുളിഞ്ചോട് ഭാഗത്തേക്ക് സഞ്ചരിക്കാന്‍ വളരെ പ്രയാസമാണ്. റോഡുകള്‍ മോശമാണെന്നു മാത്രമല്ല, ഈ പാതയില്‍ ആവശ്യത്തിനു വെളിച്ചവും ഇല്ല. പുതിയ നടപ്പാത കാല്‍നട യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it