Cricket

കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി

കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി
X


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കേരളത്തിന്റെ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സിന്റെ ഉടമകള്‍ക്ക് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബിസിസിഐക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ബിസിസിഐ 18 ശതമാനം വാര്‍ഷിക പിഴയടക്കണമെന്നും കോടതി വ്യക്തമാക്കി. കരാര്‍ ലംഘനം ആരോപിച്ച് 2011ല്‍ കൊച്ചി ടീമിനെ ഐപിഎല്ലില്‍ നിന്നു ബിസിസിഐ പുറത്താക്കിയിരുന്നു. ഇത് ചോദ്യംചെയ്ത് കൊച്ചി ടീം ആര്‍ബിട്രേഷന്‍ ഫോറത്തെ സമീപിക്കുകയായിരുന്നു. 850 കോടി രൂപയായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് മധ്യസ്ഥ കോടതിയില്‍  നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. ഫോറത്തില്‍ നിന്ന് കൊച്ചി ടീം അനുകൂല വിധിനേടിയെടുത്തെങ്കിലും   ഉത്തരവ് ചോദ്യംചെയ്ത് ബിസിസിഐ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി പരിഗണിച്ചു കൊണ്ടാണ് ആര്‍ബിട്രേഷന്‍ ഫോറത്തിന്റെ വിധി ശരിവച്ച് സുപ്രിംകോടതി കൊച്ചി ടീമിന് അനുകൂലമായി വിധിച്ചത്. അഞ്ച് കമ്പനികള്‍ ചേര്‍ന്ന് 2011ലാണ് റെന്‍ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്നപേരില്‍ കൊച്ചി ടസ്‌കേഴ്‌സ് ക്ലബ് രൂപീകരിച്ചത്. കരാര്‍ അനുസരിച്ച്  1560 കോടി രൂപയാണ് ഐപിഎല്‍ പ്രവേശത്തിനായി കൊച്ചി ടീം അടക്കേണ്ടിയിരുന്ന തുക. ബാങ്ക് ഗ്യാരണ്ടി ആറുമാസത്തിനുള്ളില്‍ നല്‍കാന്‍ ബിസിസിഐ ടീമിനോടാവശ്യപ്പെട്ടെങ്കിലും അതുനടക്കാത്തതിനെ തുടര്‍ന്നാണ് ടീമിനെ പുറത്താക്കിയത്. പുറത്താക്കുന്നതിനുമുമ്പ് 340 കോടി രൂപ ടീം നല്‍കിയിരുന്നുവെങ്കിലും ഇതൊന്നും പരിഗണിക്കാതെ  അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ഏകപക്ഷീയമായി കൊച്ചി ടീമിനെ ആദ്യസീസണില്‍ തന്നെ പുറത്താക്കുകയായിരുന്നു. എന്നാല്‍, ടീമിന്റെ എതിര്‍പ്പ് വകവെക്കാതെ അവര്‍ നല്‍കിയ ബാങ്ക് ഗ്യാരണ്ടിയില്‍നിന്ന് 156 കോടി രൂപ ബിസിസിഐ പണമാക്കി പിന്‍വലിക്കുകയും ചെയ്തു. നേരത്തെ പണം വേണ്ടെന്നും ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും കൊച്ചി ടീം ഉടമകള്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും ഒത്തുതീര്‍പ്പിന് ബിസിസിഐ തയ്യാറായില്ല. ഇതേ  തുടര്‍ന്നാണ്  ടീം നിയമ നടപടിയിലേക്ക് തിരിഞ്ഞത്.
Next Story

RELATED STORIES

Share it