ernakulam local

കൊച്ചിയെ കൊതുകില്‍ നിന്ന് മോചിപ്പിക്കാന്‍ സമഗ്ര പദ്ധതിയുമായി ഇ ശ്രീധരന്‍

കൊച്ചി: നഗരത്തിലെ കൊതുകുകളെ തുരത്താന്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ എഫ്ആര്‍എന്‍വി (ഫൗണ്ടേഷന്‍ ഫോര്‍ റസ്‌റ്റോറേഷന്‍ ഒഫ് നാഷണല്‍ വാല്യൂസ്) സമഗ്ര പദ്ധതിക്ക് രൂപം നല്‍കി.
കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജെയിന്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കൊതുക് വിമുക്ത നഗരമായി കൊച്ചി മാറണമെങ്കില്‍ ആളുകള്‍ക്കിടയില്‍ ബോധവല്‍കരണമാണ് ആദ്യം നടത്തേണ്ടതെന്ന് ഉദ്ഘാടന ചടങ്ങില്‍ ആമുഖപ്രഭാഷണം നടത്തിയ ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടി. കൊതുക് നിവാരണ മാര്‍ഗങ്ങളെ കുറിച്ചുള്ള ബോധവല്‍കരണത്തിന്റെ ഭാഗമായി വീടുകള്‍, കടകള്‍, ഹോട്ടലുകള്‍, ഓഫിസുകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ലഘുലേഖകള്‍ വിതരണം ചെയ്യും.
കൗണ്‍സിലര്‍മാരുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരഹൃദയത്തിലൂടെ കടന്നുപോവുന്ന മുല്ലശേരി കനാലിലെ ചെളി പത്ത് ദിവസത്തിനുള്ളില്‍ കോരി വൃത്തിയാക്കും.
നവീകരിച്ച മുല്ലശേരി കനാല്‍ നഗരത്തിന് അലങ്കാരമാകും. പെട്ടിയും പറയും മാറ്റി പകരം വെള്ളം പമ്പു ചെയ്തു കായലിലേക്ക് നീക്കുന്നതിനായി അത്യാധുനിക പമ്പുകള്‍ വാങ്ങും. ഇതിനായി ഉയര്‍ന്ന കപ്പാസിറ്റിയുള്ള പമ്പുകള്‍ക്ക് ഡിഎംആര്‍സി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ മാസം തന്നെ പമ്പുകളെത്തുമെന്നും അദ്ദേഹം അറിയിച്ചു. സിംഗപ്പൂരിനെ പോലെ മെട്രോ കൊച്ചിയെയും കൊതുക് വിമുക്ത നഗരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നഗരത്തെ കൊതുകില്‍ നിന്ന് മോചിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങിയ ഇ ശ്രീധരനും എഫ്ആര്‍എന്‍വിക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. നഗരത്തിന് ശാപമായ വെള്ളക്കെട്ടിന് ശ്വാശതപരിഹാരം കാണുന്നതിനായി ഇ ശ്രീധരന്‍ ഇടപെടാമെന്ന് അറിയിച്ചതായും മേയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it