Flash News

കൊച്ചിയിലെ ഡേ കെയറുകളില്‍ വ്യാപക പരിശോധന



കൊച്ചി: കൊച്ചിയിലെ ഡേ കെയറുകളില്‍ പോലിസിന്റെ വ്യാപക പരിശോധന. എറണാകുളം എസിപിയുടെ കീഴില്‍ 40 ഡേ കെയറുകളിലാണ് പരിശോധന നടത്തിയത്.—ഇവയ്‌ക്കൊന്നിനും അംഗീകാരമില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയറുകളുടെ കണക്കോ രേഖകളോ നഗരസഭയിലുമില്ല. ഡേ കെയറുകള്‍ക്കായി പ്രത്യേക നിയമം നിലവിലില്ലാത്ത സാഹചര്യത്തിലാണിത്. എന്നാല്‍, ഇവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതി ലഭിച്ചിട്ടിെല്ലന്ന് എസിപി കെ ലാല്‍ജി പറഞ്ഞു. പാലാരിവട്ടത്തെ ഡേ കെയര്‍ സെന്ററില്‍ ഒന്നര വയസ്സുകാരന് നേരിട്ട പീഡനത്തെത്തുടര്‍ന്നാണ് പോലിസ് പരിശോധന. ഡേകെയറുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും പേയിങ് ഗസ്റ്റ് സംവിധാനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കൊച്ചി നഗരസഭ തീരുമാനിച്ചു. കൂടാതെ പ്രവര്‍ത്തിക്കുന്നതും തുടങ്ങാനിരിക്കുന്നതുമായ ഡേ കെയറുകള്‍ക്ക് ജൂണ്‍ 10 മുതല്‍ 30 വരെ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ഥാപന നടത്തിപ്പിന് പ്രത്യേക നിയമാവലി തയ്യാറാക്കും. കെട്ടിടത്തിന്റെ ഉറപ്പ്, കുട്ടികളുടെ സുരക്ഷിതത്വം, ജീവനക്കാരുടെ യോഗ്യത എന്നിവ കണക്കിലെടുത്താവും ലൈസന്‍സ് നല്‍കുക. തുടര്‍ന്ന് ജാഗ്രതാസമിതികള്‍ സ്ഥാപനങ്ങളെ നിരീക്ഷിക്കും. ഇവര്‍ നല്‍കുന്ന റിപോര്‍ട്ട് പരിഗണിച്ചാവും ലൈസന്‍സ് പുതുക്കല്‍. അതേസമയം കഴിഞ്ഞദിവസം ഒന്നര വയസ്സുള്ള പിഞ്ചു കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലാരിവട്ടത്തെ കളിവീട് എന്ന ഡേ കെയര്‍ നടത്തിപ്പുകാരി മിനി മാത്യുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കാക്കനാട് കുന്നുംപുറം കോടതിയാണ് ഇന്നലെ മിനി മാത്യുവിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതിനിടയില്‍ ഇവരുടെ ഡേ കെയറിലെ ജീവനക്കാരില്‍ നിന്നും കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും പാലാരിവട്ടം പോലിസ് ഇന്നലെ മൊഴിയെടുത്തു. നടത്തിപ്പുകാരി മിനി മുമ്പും കുട്ടികളെ മര്‍ദിച്ചിരുന്നതായി ഇവര്‍ മൊഴിനല്‍കിയതായാണു വിവരം. കുസൃതി കാണിക്കുമ്പോഴും ഡേ കെയറില്‍ മൂത്രമൊഴിക്കുമ്പോഴും മിനി കുട്ടികളെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി.
Next Story

RELATED STORIES

Share it