Kottayam Local

കൊങ്കണ്‍ പാതയിലോടുന്ന ട്രെയിനുകള്‍ക്ക് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപിമാര്‍



ചങ്ങനാശ്ശേരി: കൊങ്കണ്‍ പാതയിലോടുന്ന ട്രെയിനുകള്‍ക്ക് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനു കത്തു നല്‍കി. ഈ ആവശ്യമുന്നയിച്ച് സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ എംപിമാര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എംപിമാര്‍ കേന്ദ്രമന്ത്രിക്കു കത്തു നല്‍കിയത്. കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ്‌രഥ്, വരവേല്‍-തുരുവനന്തപുരം, നാഗര്‍കോവില്‍-ഗാന്ധിഗ്രം, തിരുവനന്തപുരം-ഭാവനഗല്‍, കൊച്ചുവേളി-ബിക്‌നീര്‍ എന്നീ കൊങ്കണ്‍പാതയിലൂടെ കടന്നുപോവുന്ന ട്രെയിനുകളില്‍ ഒന്നിനുപോലും ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പില്ല. തിരുവനന്തപുരം ഡിവിഷനിലെ ബി ഗ്രേഡ് സ്റ്റേഷനുകളില്‍ ഏറ്റവുമധികം വരുമാനമുള്ള സ്റ്റേഷനാണ് ചങ്ങനാശ്ശേരി. 16ല്‍പ്പരം പഞ്ചായത്തുകളിലെ യാത്രക്കാരും പത്തോളം കോളജുകളിലേയും 12ല്‍പ്പരം സിബിഎസ്ഇ സ്‌കൂളുകളിലേയും നിരവധി എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേയും അധ്യാപകരും വിദ്യാര്‍ഥികളും ആശ്രയിക്കുന്നത് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനെയാണ്. ഈ സാഹചര്യത്തില്‍ കൊങ്കണ്‍പാതയിലൂടെ കടന്നുപോവുന്ന ട്രെയിനുകള്‍ക്ക് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിമാരായ പി സി തോമസ്, കെ വി തോമസ് എന്നിവരെ കൂടാതെ ആസൂത്രണ ബോര്‍ഡംഗം ഡോ. ബി ഇക്ബാല്‍, ജനതാദള്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ജോര്‍ജ് തോമസ് എന്നിവരും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂര ട്രെയിനുകള്‍ക്കു ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആശ്യപ്പെട്ട് കേന്ദ്രമന്ത്രിക്കു കത്തെഴുതിയ എംപിമാരുടെ നടപടിയെ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡവലപ്മന്റ് കൗണ്‍സില്‍ യോഗം സ്വാഗതം ചെയ്തു. ചെയര്‍മാന്‍ അഡ്വ. ജി രാമന്‍നായര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍മാരായ വിനു പാലയ്ക്കല്‍, രമേശ് മാത്യൂ, പ്രസിഡന്റ് ജോസഫ് പായിക്കാടന്‍, വര്‍ക്കിങ് പ്രസിഡന്റ് വിനു ജോബ്, ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it