kasaragod local

കൈയേറ്റ ഭൂമിയിലെ പാര്‍ട്ടി ഓഫിസ്: യെച്ചൂരി പിന്‍മാറി

കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ കേളോത്ത് സിപിഎം സുശീല ഗോപാലന്‍ നഗര്‍ ബ്രാഞ്ച് കമ്മിറ്റിക്ക് വേണ്ടി നിര്‍മിച്ച ബ്രാഞ്ച് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തില്‍ നിന്നും പാര്‍ട്ടി ജന.സെക്രട്ടറി സീതാറാം യെച്ചൂരി പിന്മാറി. ഓഫിസ് നിര്‍മാണം വിവാദമയതിനേ തുടര്‍ന്നാണ് പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ഉദ്ഘാടനത്തെ കുറിച്ച് വ്യക്തമായൊന്നും പറയാന്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ തയ്യാറായില്ല. യെച്ചൂരി ഉദ്ഘാടനം ചെയ്യില്ലെന്ന് മാത്രമാണ് പറഞ്ഞത്. സെന്റിന് പത്തുലക്ഷം ഭൂമിക്ക് വിപണി വിലയുള്ള പെരിയ ടൗണില്‍ നിന്ന് മൂന്നുകിലോ മീറ്റര്‍ തെക്കുമാറി ചാലിങ്കാല്‍, വെള്ളിക്കോത്ത് റോഡരികില്‍ കേളോത്ത് ആണ് പുതിയ കെട്ടിടം. ഇവിടെ രണ്ടേക്കറിലധികം ഭൂമി റവന്യു വകുപ്പിന്റെ അധീനതയിലുണ്ടെന്ന് താലൂക്ക് ഓഫിസിലെ ഭൂ രേഖാവിഭാഗത്തില്‍ നിന്നുള്ള കണക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും സ്ഥലത്ത് 17 വീടുകളും ഈ സിപിഎം ഓഫിസുമാണ് ഉള്ളത്.
ഈ സ്ഥലം കൈയേറ്റ ഭൂമിയിലാണെന്ന് പുല്ലൂര്‍ വില്ലേജ് ഓഫിസര്‍ രേഖാമൂലം കലക്ടര്‍ക്ക് ഒന്നിലേറെ തവണ റിപോര്‍ട്ട് ചെയ്തിരുന്നു. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 17 ചെറുവീടുകള്‍ പൊളിച്ച് നീക്കിയിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ വീണ്ടും വീടുകള്‍ കെട്ടി. എല്ലാ വീടുകളും ഒന്നോ, രണ്ടോ മുറികളാല്‍ നിര്‍മിതമാണ്. സിപിഎം റവന്യൂ വകുപ്പില്‍ നിന്ന് ലീസിനെടുത്ത സ്ഥലമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യാതൊരു രേഖയും ഇതുസംബന്ധിച്ച് താലൂക്ക് ഓഫിസിലോ വില്ലേജ് ഓഫിസിലോ ഇല്ല. പാര്‍ട്ടി ഗ്രാമത്തില്‍ ഈ സ്ഥലം പരിശോധിക്കാന്‍ പോലും റവന്യൂ അധികൃതരെ അനുവദിക്കാത്ത നയമാണ് സിപിഎം സ്വീകരിച്ചുവരുന്നത്.

Next Story

RELATED STORIES

Share it