കേസ് സിബിഐക്ക് കൈമാറണം

തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വഴിയാണു നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയത്. ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ ഉന്നത തലങ്ങളിലുള്ളവര്‍ക്കും പങ്കുണ്ടെന്നു നിവേദനത്തില്‍ പറയുന്നു.
സിപിഎമ്മിന് ശുഹൈബിനോടുള്ള രാഷ്ട്രീയവിരോധവും കുടിപ്പകയും അതുമൂലമുണ്ടായ അസഹിഷ്ണുതയുമാണു കൊലപാതകത്തിനു കാരണമായത് എന്നു വിശ്വസിക്കുന്നതായും മാതാപിതാക്കള്‍ നിവേദനത്തില്‍ പറയുന്നു. കൊലപാതകം കഴിഞ്ഞു 10 ദിവസം പിന്നിട്ടിട്ടും കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതു സിപിഎമ്മിന്റെ ഇടപെടല്‍ മൂലമാണ്. കേസന്വേഷണത്തിനെ അട്ടമറിക്കാനാണു ഭരണത്തിലിരിക്കുന്ന പാര്‍ട്ടി ശ്രമിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍, വാഹനങ്ങള്‍ എന്നിവ കണ്ടെത്താനോ യഥാര്‍ഥ പ്രതികളെ തിരിച്ചറിയാനോ അവരെ അറസ്റ്റ് ചെയ്യാനോ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പോലിസ് അറസ്റ്റ് ചെയ്തു എന്നവകാശപ്പെട്ടുന്ന റിജിന്‍ രാജ്, ആകാശ് എന്നീ സിപിഎം പ്രവര്‍ത്തകരെ അവരുടെ നേതാക്കള്‍ തന്നെ പോലിസില്‍ ഹാജരാക്കിയതാണെന്ന വിധത്തില്‍ സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചതും പാര്‍ട്ടിക്ക് പ്രതികളുമായുള്ള ബന്ധം വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനുമായും അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന ഫോട്ടോകളും പുറത്തു വന്നിരുന്നു. ഈ ബന്ധവും സ്വതന്ത്രമായ കേസന്വേഷണത്തിനു തടസ്സമാവുമെന്നു ഭയപ്പെടുന്നു. കേസിലെ യഥാര്‍ഥ പ്രതികള്‍ ഒളിച്ചിരിക്കുന്നതു സിപിഎം കേന്ദ്രങ്ങളില്‍ തന്നെയായതു കൊണ്ടാണു പോലിസിന് ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതെന്നും ശുഹൈബിന്റെ മാതാപിതാക്കള്‍ പറയുന്നു.
കേസന്വേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ പോലിസ് സേനയിലെ ഒരു വിഭാഗം തന്നെ കേസ് വിവരങ്ങള്‍ പ്രതികള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്നതായി ജില്ലാ പോലിസ് മേധാവി ഉന്നത പോലിസ് അധികാരികള്‍ക്ക് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നു ജില്ലാ പോലിസ് സൂപ്രണ്ട് അവധിയില്‍ പോവുകയും ചെയ്തു. സിപിഎം നേതൃത്വത്തിന്റെയും ഭീകര സംഘത്തിന്റെയും ഭീഷണികളും സിപിഎമ്മിലെ തന്നെ ഉന്നത നേതാക്കളുടെ ഇടപെടലും മൂലം പോലിസിന് കേസ് ഫലപ്രദമായി അന്വേഷിക്കാനാവുന്നില്ല. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഇടപെടല്‍ കൊണ്ടു തന്നെ ശുഹൈബിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ, മാതൃകാപരമായി ശിക്ഷിക്കാനോ സാധിക്കില്ല എന്ന ഭയമാണ് ഇത്തരത്തില്‍ ഒരു നിവേദനം സമര്‍പ്പിക്കാന്‍ കാരണമായതെന്നും ശുഹൈബിന്റെ മാതാപിതാക്കള്‍ നിവേദനത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it