കേസുകള്‍ കെട്ടിക്കിടക്കുന്നത് തടയാന്‍ 10 നിര്‍ദേശങ്ങളുമായി ചീഫ് ജസ്റ്റിസ്‌

കെ എ സലിം

ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് നിയന്ത്രിക്കുന്നതിന് കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജഡ്ജിമാര്‍ അവധിയെടുക്കരുതെന്നും കോടതിയുടെ പ്രവൃത്തിസമയങ്ങളില്‍ സെമിനാറുകളിലോ മറ്റു ചടങ്ങുകളിലോ പങ്കെടുക്കരുതെന്നും ചീഫ് ജസ്റ്റിസ് രാജ്യത്തെ ജഡ്ജിമാര്‍ക്കു നിര്‍ദേശം നല്‍കി.
അവധിയാത്രാ ആനുകൂല്യങ്ങള്‍ (എല്‍ടിസി) ലഭ്യമാക്കി പ്രവൃത്തിദിനങ്ങളില്‍ യാത്ര ചെയ്യരുത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ജഡ്ജിമാരെ കോടതിയുടെ ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും സുപ്രിംകോടതി കൊളീജിയം അംഗങ്ങളുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് രഞ്ജന്‍ ഗൊഗോയ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. കോടതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 10 നിര്‍ദേശങ്ങളാണ് അദ്ദേഹം വച്ചത്.
ഹൈക്കോടതികളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താന്‍ ചീഫ് ജസ്റ്റിസുമാര്‍ മുന്‍കൈയെടുക്കണം. പ്രവൃത്തിസമയങ്ങളില്‍ ജഡ്ജിമാര്‍ കോടതിയില്‍ ഉണ്ടായിരിക്കണം.
ജോലിയില്‍ മാത്രമായിരിക്കണം ശ്രദ്ധ. ജഡ്ജിമാരെ നിയമിക്കാനുള്ള തിരഞ്ഞെടുപ്പുഘട്ടങ്ങളില്‍ ഒരിക്കലും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം അംഗങ്ങള്‍ ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങരുത്. ജുഡീഷ്യറിയെ അഴിമതിയില്‍ നിന്ന് പൂര്‍ണമായി മുക്തമാക്കാന്‍ കഴിയണം.
അഭിഭാഷകരെപ്പോലെ മികച്ച വേതനം ജഡ്ജിമാര്‍ക്കും ആവശ്യമാണ്. വേതനം കുറയുന്നതു വഴി ജഡ്ജിമാര്‍ പ്രലോഭനങ്ങള്‍ക്കു കീഴ്‌പ്പെടാന്‍ സാധ്യതയുണ്ട്. മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന ജഡ്ജിമാരെ കുറിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ നിര്‍ബന്ധമായും റിപോര്‍ട്ട് ചെയ്യണം. ജഡ്ജിമാര്‍ക്കു പുറമെ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.
നിലവില്‍ സുപ്രിംകോടതിയില്‍ മാത്രം 60,750 കേസുകളാണ് കെട്ടിക്കിടക്കുന്നത്. 24 ഹൈക്കോടതികളിലായി 40 ലക്ഷം കേസുകളും ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലുമായി മൂന്നു കോടിയോളം കേസുകളും കെട്ടിക്കിടക്കുന്നുണ്ട്. രണ്ടു കോടിയിലേറെ കേസുകള്‍ ജില്ലാ കോടതികളില്‍ മാത്രം കെട്ടിക്കിടക്കുന്നു.

Next Story

RELATED STORIES

Share it