Idukki local

കേഴയെ വേട്ടയാടിയവരെ റിമാന്‍ഡ് ചെയ്തു

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് കേഴയെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു. റിസോര്‍ട്ട് ഉടമ ഭരണങ്ങാനം ഒഴിഞ്ഞാലയില്‍ ജെന്നി ജോസഫ് (47), കുമളി സ്വദേശികളും സഹോദരന്‍മാരുമായ ഇഞ്ചപ്പാറയ്ക്കല്‍ തോമസ് ഫിലിപ്പ് (48), മാത്യു ഫിലിപ്പ് (45) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ കുമളി സ്വദേശിയായ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ കേഴയുടെ ഇറച്ചി പിടികൂടിയത്. വനമേഖലയുടെ സമീപത്തുനിന്നാണ് ഇവര്‍ കഴിഞ്ഞ ദിവസം കെണിവച്ച് കേഴയെ പിടിച്ചത്. സ്വകാര്യ റിസോര്‍ട്ടിന്റെ നിര്‍മ്മാണം നടക്കുന്ന പ്രദേശത്ത് കെണിയൊരുക്കി പിടികൂടിയ കേഴയെ കൊന്ന് വീതം വയ്ക്കുകയായിരുന്നുവെന്ന് വനപാലകര്‍ പറഞ്ഞു. ഇവരുടെ പക്കല്‍ നിന്ന് മാസാവശിഷ്ടങ്ങളും കേഴയുടെ ശരീര ഭാഗങ്ങളും കണ്ടെടുത്തു. ഒപ്പം കെണിയും കേഴയെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും പാത്രവും ഇവരില്‍ നിന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിലെ ശ്വാനന്‍മാരാണ് പ്രതികളെ പിടികൂടാന്‍ വഴിയൊരുക്കിയത്. വനാതിര്‍ത്തിയില്‍ ശ്വാനസേന നടത്തിയ പട്രോളിംഗിനിടെയാണ് കുരുക്ക് ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ നിന്ന് മണംപിടിച്ച ശ്വാനസേനാംഗമായ ജൂലി ഈ റിസോര്‍ട്ടില്‍ ചെന്നുകയറി. തുടര്‍ന്ന് ഇവിടെയുള്ളവരെ ചോദ്യം ചെയ്തതോടെയാണ് പ്രതികള്‍ വലയിലായത്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. കുറ്റം സമ്മതിച്ച പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി. ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it