Flash News

കേരള സിന്‍ഡിക്കേറ്റ് ഹാളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം സ്ഥാപിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഹാളില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം സ്ഥാപിക്കാന്‍ നടപടിയായി. സ്വാതന്ത്ര്യം ലഭിച്ച് 71 വര്‍ഷം പിന്നിട്ടിട്ടും രാഷ്ട്രപിതാവിന്റെ ചിത്രം സിന്‍ഡിക്കേറ്റ് റൂമില്‍ സ്ഥാപിച്ചിരുന്നില്ല. വ്യാഴാഴ്ച കൂടിയ സിന്‍ഡിക്കേറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗവും കെപിസിസി ഖജാഞ്ചിയുമായ അഡ്വ. ജോണ്‍സണ്‍ എബ്രഹാം ഗാന്ധിജിയുടെ ഛായാചിത്രം വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് കൈമാറി.
2017 ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രം സിന്‍ഡിക്കേറ്റ് ഹാളില്‍ സ്ഥാപിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. എന്നാല്‍, ചുവപ്പുനാടയില്‍ കുരുങ്ങി ചിത്രം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധിജിയുടെ ഛായാചിത്രം വരയ്ക്കാന്‍ 1,50,000 രൂപയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ച് കരാറായതാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം കൂടിയ യോഗത്തെ സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജോണ്‍സണ്‍ എബ്രഹാം ഗാന്ധി സ്മാരകനിധിയില്‍ നിന്നു വാങ്ങിയ ചിത്രം  വൈസ് ചാന്‍സലറെ ഏല്‍പിച്ചത്. 1937 മുതല്‍ സിന്‍ഡിക്കേറ്റ് ഹാളില്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ചിത്രം മാത്രമാണ് ഉണ്ടായിരുന്നത്.
Next Story

RELATED STORIES

Share it