malappuram local

കേരളാ ബാങ്ക്: സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

മലപ്പുറം: കേരള ബാങ്ക് രൂപീകരണവുമായി മുന്നോട്ടുപോവുന്ന സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. കേരളാ ബാങ്ക് രൂപീകരണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍, ജില്ലാ ബാങ്കിലെ ഓഹരി ഉടമകള്‍, പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ ചേര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.  കേസ് ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത 18ന് അടിയന്തിരമായി മറുപടി സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക്-കാഷ്യര്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പത്തോളം കേസുകളുടെ ഇടക്കാല വിധിയും 18ന് വരും. അതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം 18 ലെ ഹൈക്കോടതി വിധി നിര്‍ണായകമാണ്. കേരളാ ബാങ്കിനുള്ള സര്‍ക്കാരിന്റെ അപേക്ഷ റിസര്‍വ് ബാങ്കിന്റെ പരിഗണനയിലിരിക്കുന്ന വിവരം അടക്കം നിരത്തി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ശക്തമായി വാദിച്ചെങ്കിലും സര്‍ക്കാരിന് നോട്ടീസയക്കാന്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ഉത്തരവിടുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എന്‍ നാഗേഷാണ് കോടതിയില്‍ ഹാജരായത്. കേരള ബാങ്ക് രൂപീകരണം ഏകപക്ഷീയമാണെന്നും നിയമവിരുദ്ധമായാണ് ആര്‍ബിഐക്ക് അംഗീകാരത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. നബാര്‍ഡ്, ആര്‍ബിഐ എന്നിവര്‍ ഹരജിക്കാരുടെ ആവശ്യങ്ങള്‍ കൂടി കേള്‍ക്കണമെന്നും ഈ വിഷയത്തില്‍ തീരുമാനമാവുന്നതുവരെ ലയന അംഗീകാര അപേക്ഷയിലുള്ള  നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. മാനദണ്ഡങ്ങള്‍ പാലിക്കാതെ കേരളാ ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വിശദീകരണം ആരാഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസും കേരളാ ഗവര്‍ണറുമാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ സഹകരണ വകുപ്പ് സെക്രട്ടറിയോടുമാണ് വിശദീകരണം തേടിയത്. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ കൂടുതല്‍ വിശദീകരണം ആരാഞ്ഞ് ആര്‍ബിഐ മടക്കി അയച്ചിരുന്നു. ആര്‍ബിഐ 2016 ഏപ്രില്‍ 21ന് പുറത്തിറക്കിയ ഉത്തരവുകള്‍ പാലിക്കാതെയായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ. പോരായ്മകള്‍ പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിച്ചിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിജയം നേടുന്നതിനായി സുപ്രിം കോടതിയെ വരെ സമീപിക്കാനുള്ള തയ്യാറെടുപ്പ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ നടത്തിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it