കേരളത്തോടുള്ള കേന്ദ്ര വിവേചനം അവസാനിപ്പിക്കണം: പൂന്തുറ സിറാജ്

കൊച്ചി: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവേചനവും ചിറ്റമ്മനയവും അവസാനിപ്പിക്കണമെന്ന് പിഡിപി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടപ്പെടുത്തുന്ന കേന്ദ്ര നിലപാടും റേഷന്‍ വിഹിതം വെട്ടിക്കുറച്ചതും സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചതിന് കേരളത്തിലെ ജനങ്ങളോട് പ്രധാനമന്ത്രി മാപ്പുപറയണം. രൂക്ഷമായ ഇന്ധനവില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നിലപാടുകളുടെ ഭാഗമാണ്. കൊട്ടാരക്കരയില്‍ കാലിക്കച്ചവടക്കാരെ ആക്രമിച്ച് കേരളത്തില്‍ മതസ്പര്‍ധ വളര്‍ത്താനും സമാധാനാന്തരീക്ഷം തകര്‍ക്കാനും ആര്‍എസ്എസ് നേതൃത്വത്തില്‍ നടത്തിയ ശ്രമം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിച്ച് ഗൂഢാലോചന പുറത്തുകൊണ്ടുവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലൂര്‍ ഇന്‍സാഫ് ഭവനില്‍ ചേര്‍ന്ന പിഡിപി കേന്ദ്രകമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, മുഹമ്മദ് റജീബ്, ടി എ മുജീബ്‌റഹ്മാന്‍, യൂസഫ് പാന്ത്ര, മൈലക്കാട് ഷാ, വി എം അലിയാര്‍, സെക്രട്ടറിമാരായ നൗഷാദ് തിക്കോടി, വേലായുധന്‍ വെന്നിയൂര്‍, മൊയ്തീന്‍ ചെന്‍പോത്തറ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it