കേരളത്തെ ലോകത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമായി മാറ്റും: മന്ത്രി

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ടൂറിസം സങ്കല്‍പങ്ങള്‍ക്ക് ചിറകുവിരിക്കാനായി സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത മിഷനും സംയുക്തമായി നടപ്പാക്കുന്ന ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതിക്ക് തുടക്കംകുറിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആക്സിസബിള്‍ ടൂറിസം വര്‍ക്‌ഷോപ്പിന്റെയും ഭിന്നശേഷി സൗഹൃദ ടൂറിസത്തിനായി തയ്യാറാക്കിയ വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളത്തിലെ ടൂറിസം വികസന ചരിത്രത്തിലെ പുതിയ ഒരു മുന്നേറ്റത്തിനു തുടക്കംകുറിച്ചിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ മനോഹാരിതയും വൈവിധ്യങ്ങളും ആസ്വദിക്കാന്‍ ദേശീയ അന്തര്‍ദേശീയ ടൂറിസ്റ്റുകളെ കേരള ടൂറിസം ആകര്‍ഷിച്ചു വരുന്നുണ്ട്. അതിന്റെ ഫലമായി കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളില്‍ വിവിധ ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും വയോജനങ്ങള്‍ക്കും അവസരമൊരുക്കാനാണു സംസ്ഥാന സര്‍ക്കാര്‍ ബാരിയര്‍ ഫ്രീ കേരള പദ്ധതിക്ക് തുടക്കംകുറിച്ചത്. ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതിയുടെ ഭാഗമായി കേരളത്തെ 2021 ആവുമ്പോള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദമായി മാറ്റാനാണു സര്‍ക്കാരിന്റെ ശ്രമം. ഇതിനായി 200 ടൂറിസം കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. ഇതിനായി ഒമ്പതു കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു.
അതേസമയം, കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു ബാങ്ക് ശാഖയും പൂട്ടില്ലെന്നു മന്ത്രി പറഞ്ഞു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് ശാഖകള്‍ പൂട്ടുന്നുവെന്ന പ്രചാരണം അസത്യമാണ്. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ നാലു ശാഖകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിനു കേരള ബാങ്കിന്റെ രൂപീകരണവുമായി ബന്ധമില്ല. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ നഷ്ടത്തിലുള്ള ഏക ബാങ്കാണ് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക്.
ബാങ്ക് ഭരണസമിതിയുടെ തീരുമാന പ്രകാരമായാണു ശാഖകള്‍ പൂട്ടാന്‍ തീരുമാനിച്ചത്. ബോര്‍ഡ് തീരുമാനത്തിനു ജീവനക്കാരുടെ പൂര്‍ണ പിന്തുണയുമുണ്ട്. ശാഖ പൂട്ടലുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് ഒരു ആശങ്കയും വേണ്ടെന്നാണു ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുള്ളതെന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it