കേരളത്തെ കരകയറ്റാതെ തള്ളിയിടാനാണ് കേന്ദ്രത്തിന്റെ ശ്രമം

തൃശൂര്‍/കൊച്ചി: പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ കരകയറ്റുന്നതിനു പകരം കൂടുതല്‍ തള്ളിത്താഴെയിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബറില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തുന്ന നവകേരള സൃഷ്ടിക്ക് വീണ്ടെടുപ്പ്— പദ്ധതിയുടെയും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പ്രളയാക്ഷരങ്ങള്‍ പുസ്തകത്തിന്റെ പ്രകാശനവും ഏകദിന സെമിനാറും തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രളയത്തില്‍ കേരളത്തിന് സഹായം നല്‍കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തിലും മന്ത്രിമാരുടെ വിദേശയാത്രയുടെ കാര്യത്തിലും പ്രധാനമന്ത്രി പറഞ്ഞതിനു വിപരീതമായാണ് പ്രവര്‍ത്തിച്ചത്. ഈ രണ്ടു കാര്യങ്ങളും നേരില്‍ സംസാരിച്ചപ്പോള്‍ നല്ലത് എന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി പിന്നീട് വാക്ക് മാറ്റുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സമീപനം മനസ്സിലാക്കിക്കൊണ്ടു തന്നെ ഒരു പൊട്ടന്‍കളി നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരുന്നത്. കേരളത്തിന്റെ പുരോഗതിക്ക് ഒരു സംഭാവനയും ചെയ്യാത്ത ഏക പാര്‍ട്ടിയാണ് ബിജെപിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മാണം കൂട്ടായ്മയിലൂടെ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ അബൂദബി ശക്തി അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. അബൂദബിയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ അബൂദബി ശക്തി തിയേറ്റേഴ്‌സ് ഏര്‍പ്പെടുത്തിയ അബൂദബി ശക്തി അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. നോവല്‍ വിഭാഗത്തില്‍ പി കൃഷ്ണനുണ്ണിയുടെ (കേരളം ഒരു ഡോക്യുമെന്റ്), കവിത അഹ്മദ് ഖാന്‍ (മതേതര ഹാസം), വിനോദ് വൈശാഖി (കൈതമേല്‍ പച്ച), നാടകം സുഭാഷ് ചന്ദ്രന്‍ (ഒന്നര മണിക്കൂര്‍), ചെറുകഥ ജി ആര്‍ ഇന്ദുഗോപന്‍ (കൊല്ലപ്പാട്ടി ദയ), വിജ്ഞാന സാഹിത്യം ഡോ. കെ എന്‍ ഗണേഷ് (മലയാളിയുടെ ദേശകാലങ്ങള്‍), ഡോ. വി പി പി മുസ്തഫ (കലയും പ്രത്യയശാസ്ത്രവും ഇഎംഎസിന്റെ വിചാര ലോകവും), സാഹിത്യ നിരൂപണം ഡോ. പി സോമന്‍ (വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന), ബാലസാഹിത്യം കെ രാജേന്ദ്രന്‍ (ആര്‍സിസിയിലെ അദ്ഭുതക്കുട്ടികള്‍), ഇതരസാഹിത്യം ഡോ. ജോര്‍ജ് വര്‍ഗീസ് (ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ജീവിതം ശാസ്ത്രം ദര്‍ശനം) എന്നിവരാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
സാമൂഹിക-സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ശക്തി ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരം എം മുകുന്ദന്‍ ഏറ്റുവാങ്ങി. കെ വി രാമചന്ദ്രന്‍ രചിച്ച സുരക്ഷിതത്വം ഭൂതം ഭാവി വര്‍ത്തമാനം എന്ന പുസ്തക പ്രകാശനവും ചടങ്ങില്‍ നടന്നു. മുഖ്യമന്ത്രിയില്‍ നിന്നു കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഡയറക്ടര്‍ എന്‍ വി സുരേഷ് ബാബു പുസ്തകം ഏറ്റുവാങ്ങി. അവാര്‍ഡ് ഏറ്റുവാങ്ങിയ വിനോദ് വൈശാഖന്‍, പി സോമന്‍, കെ രാജേന്ദ്രന്‍ എന്നിവര്‍ അവാര്‍ഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.ഡോ. പി കെ ശങ്കുണ്ണി മേനോന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറി. അമേരിക്കന്‍ മലയാളി സംഘടനയായ കെയര്‍ ആന്റ് ഷെയര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 9.5 കോടി രൂപ സംഭാവന കെയര്‍ ആന്റ് ഷെയര്‍ പ്രസിഡന്റ് ആന്‍ഡ്രൂ തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
Next Story

RELATED STORIES

Share it