Flash News

കേരളത്തില്‍ നടക്കുന്നത് സമാനതകളില്ലാത്ത പോലിസ് രാജ്: പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്: എറണാകുളത്ത് വാര്‍ത്താസമ്മേളനം നടത്താനെത്തിയ എസ്ഡിപിഐ സംസ്ഥാന നേതാക്കളെ അന്യായമായി കസ്റ്റഡിയിലെടുത്ത പോലിസ് നടപടിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ശക്തമായി പ്രതിഷേധിച്ചു.
മഹാരാജാസ് കോളജ് സംഭവത്തിന്റെ മറവില്‍ കേരളത്തില്‍ സമാനതകളില്ലാത്ത പോലിസ് രാജാണ് അരങ്ങേറുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എസ്ഡിപിഐ നേതാക്കള്‍ക്കു നേരെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ പിടികൂടുക എന്നതിനപ്പുറം സിപിഎമ്മിന്റെ അടിച്ചമര്‍ത്തല്‍ രാഷ്ട്രീയത്തിന് വിടുപണി ചെയ്യുന്ന നിലയിലേക്ക് കേരളാ പോലിസ് തരംതാണിരിക്കുന്നു. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ജനാധിപത്യക്കശാപ്പ് നടത്തിക്കൊണ്ടിരിക്കുന്ന സിപിഎം സാമാന്യമായ രാഷ്ട്രീയ മര്യാദകള്‍പോലും കാറ്റില്‍പ്പറത്തിയിരിക്കുകയാണ്.
ഇതിനെതിരേ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണം. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ സിപിഎം വിഭാഗീയതയും വിദ്വേഷവും പരത്തിക്കൊണ്ടിരിക്കുകയാണ്.  ഒരുവിഭാഗം മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുകയാണ്. ഒരുവശത്ത് കൊലപാതക രാഷ്ട്രീയത്തിനെതിരേ കൊടിപിടിക്കുകയും മറുവശത്ത് കൊലക്കേസ് പ്രതികള്‍ക്ക് സ്വീകരണം ഒരുക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കാപട്യം കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഷുഹൈബ് വധക്കേസിലും സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തുവന്നതോടെ അതില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള പോലിസ് വേട്ട അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാവണം. സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ടെടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ അത്തരം നീക്കങ്ങളെ ശക്തമായി നേരിടും. ബംഗാളിലും ത്രിപുരയിലും അധികാരവും സംഘടനാശക്തിയും ഉപയോഗിച്ചു ജനങ്ങളെ അടിച്ചമര്‍ത്തിയതിന്റെ തിക്തഫലം സിപിഎം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it