കേരളത്തില്‍ തൊഴില്‍ നിക്ഷേപ സൗഹൃദാന്തരീക്ഷമെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്ത് തൊഴില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ട്രേഡ് യൂനിയനുകളുടെയും തൊഴിലാളികളുടെയും പൂര്‍ണ സഹകരണത്തോടെയാണ് ഇത്തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. കേരള ചുമട്ടു തൊഴിലാളിക്ഷേമ ബോര്‍ഡിനു കീഴിലുള്ള തൊഴിലാളികളുടെ മക്കളില്‍ 2018ലെ എസ്എസ്എല്‍സി/ സിബിഎസ്ഇ, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ 116 വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങ് പ്രതിഭം-2018 എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തില്‍ ഇപ്പോഴുള്ളത് ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരമാണ്. സംസ്ഥാനത്ത് നിക്ഷേപകര്‍ വരാത്തത് തൊഴിലാളികളുടെ സമീപനം കാരണമാണെന്ന് പറയാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴും അപൂര്‍വം ചിലരെങ്കിലും ഇത്തരം സമീപനം സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുകയും അമിത കൂലി വാങ്ങുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിച്ചു. എന്നാല്‍, ഈ തീരുമാനത്തിന്റെ മറവില്‍ തൊഴിലാളികളുടെ അര്‍ഹമായ ജോലിയും വേതനവും നിഷേധിക്കുന്ന പ്രവണത സര്‍ക്കാര്‍ അംഗീകരിക്കില്ല. ഇത്തരം സമീപനങ്ങളുണ്ടെങ്കില്‍ സര്‍ക്കാരിലോ തൊഴില്‍ വുകപ്പിലോ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തൊഴിലാളിക്ഷേമ നടപടികളില്‍ കേരളത്തെ മറികടക്കാന്‍ ഒരു സംസ്ഥാനത്തിനും സാധിച്ചിട്ടില്ല. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണ് കേരളം.  ചുമട്ടു തൊഴിലാളി ക്ഷേമപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചുമട്ടു തൊഴിലാളികളുടെ ക്ഷേമാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. വിജയികളായ കുട്ടികള്‍ക്ക് മന്ത്രി സ്വര്‍ണപ്പതക്കവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ഇന്ത്യന്‍ വോളിബോള്‍ അണ്ടര്‍ 19 ടീമിനു വേണ്ടി ഇറാനില്‍ നടന്ന ഏഷ്യന്‍ യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ കളിച്ച അഭിഷേകിന് 5001 രൂപയും മൊമെന്റോയും സമ്മാനമായി നല്‍കി.
കേരള ചുമട്ടു തൊഴിലാളിക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവും അഡീഷനല്‍ നിയമ സെക്രട്ടറിയുമായ എസ് ഷൈജ, ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍, ധനവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വി രാജപ്പന്‍, തൊഴില്‍ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ഡി ലാല്‍, നിയമവകുപ്പ് അഡീഷനല്‍ സെക്രട്ടറി എ മുഹമ്മദ് ഹുസയ്ന്‍, ബോര്‍ഡ് അംഗങ്ങളായ വര്‍ക്കല കഹാര്‍, പി എ എം ഇബ്രാഹീം, എം മുസ്തഫ, ബിന്നി ഇമ്മട്ടി, സി കുഞ്ഞാതുക്കോയ, കെ വേലു, പി വി ഹംസ, കമലാലയം സുകു, ഹയര്‍ ഗ്രേഡ് അക്കൗണ്ട്‌സ് ഓഫിസര്‍ എസ് മിനി പങ്കെടുത്തു.
Next Story

RELATED STORIES

Share it