കേരളത്തിലെ മഴക്കെടുതി: അടിയന്തര നടപടി സ്വീകരിക്കും

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതികള്‍ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ സന്നദ്ധമാണെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്കു കേരളത്തിലെ മഴക്കെടുതികളില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ലോക്‌സഭയില്‍ കേരളത്തിലെ മഴക്കെടുതിയെക്കുറിച്ച് എംപിമാരായ എ സമ്പത്തിന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും ചോദ്യങ്ങള്‍ക്കു മറുപടിയായാണു രാജ്‌നാഥ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തുടനീളം മഴ മൂലം കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായി സമ്പത്ത് സഭയില്‍ ചൂണ്ടിക്കാട്ടി. കുട്ടനാട്ടില്‍ ഉള്‍പ്പെടെ ഉണ്ടായ വ്യാപക കൃഷിനാശമാണു കൊടിക്കുന്നില്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഈ വിഷയത്തില്‍ ദുരന്ത നിവാരണ സേനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടിയെടുക്കാമെന്നു കേന്ദ്രം ഉറപ്പുനല്‍കി.
മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാമെന്നും അവര്‍ നല്‍കുന്ന റിപോര്‍ട്ട് പരിഗണിച്ച ശേഷം ധനസഹായ വിഷയത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.
കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാക്കിയ കെടുതികളില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കണമെന്ന് സമ്പത്ത് ആവശ്യപ്പെട്ടു. മെയ് 29 മുതല്‍ ആരംഭിച്ച കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 90 പേര്‍ മരിച്ചു.
12,000 ഹെക്റ്റര്‍ കൃഷി പൂര്‍ണമായും നശിച്ചു. 329 വീടുകള്‍ തകര്‍ന്നു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കുമേറ്റു. കേരളത്തിലെ 14 ജില്ലകളിലായി അരലക്ഷത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നുവെന്നും സമ്പത്ത് ചൂണ്ടിക്കാട്ടി. രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു കരസേനയുടെയും നാവിക സേനയുടെയും സഹായം ലഭ്യമാക്കണമെന്നു കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
ഒരാഴ്ചയായി തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം കുട്ടനാട് താലൂക്ക് പൂര്‍ണമായും അപ്പര്‍ കുട്ടനാടിന്റെ ഭൂരിഭാഗം ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.
വിവിധ തുരുത്തുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന ആളുകളെ സുരക്ഷാസ്ഥലങ്ങളില്‍ എത്തിക്കാന്‍ ആര്‍മിയുടെയും നേവിയുടെയും സഹായം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it