കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു

തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു. 68 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു വൈകീട്ട് 4നു പേട്ടയിലെ വീട്ടുവളപ്പില്‍ നടക്കും. സി വി കുഞ്ഞിരാമന്റെ പൗത്രനും കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ സുകുമാരന്റെയും മാധവി സുകുമാരന്റെയും ആണ്‍മക്കളില്‍ നാലാമത്തെയാളുമാണ് എം എസ് രവി. 1950ലായിരുന്നു ജനനം. സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മാധ്യമ-സാംസ്‌കാരിക രംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൊല്ലം പള്ളിത്തോട്ടം വിമല നിവാസില്‍ ശൈലജയാണ് ഭാര്യ. കേരളകൗമുദി എഡിറ്റര്‍ ദീപു രവി, കേരളകൗമുദി ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്. മരുമകള്‍: ദിവ്യ. ചെറുമകള്‍: ജാന്‍വി. കേരളകൗമുദി മുന്‍ പത്രാധിപര്‍ എംഎസ് മണി, പരേതരായ എം എസ് മധുസൂദനന്‍, എം എസ് ശ്രീനിവാസന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
എം എസ് രവിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഭരണപരിഷ്‌കാര കമ്മിറ്റി ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it