Flash News

കേരളം സന്തോഷിച്ചപ്പോള്‍ ഇവര്‍ നായകര്‍

കേരളം സന്തോഷിച്ചപ്പോള്‍ ഇവര്‍ നായകര്‍
X


വിഷ്ണു സലി

72ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഫൈനല്‍ വിസില്‍ ഉയര്‍ന്നപ്പോള്‍ കേരളക്കരയ്ക്കത് സന്തോഷ  നിമിഷം. കണക്കുകള്‍  ഏറെ വീട്ടാനുള്ള വംഗദേശക്കാരെ  അവരുടെ മടയില്‍ ചെന്ന് കളിക്കരുത്തുകൊണ്ട് വീഴ്ത്തി കേരളത്തിന്റെ ചുണക്കുട്ടികള്‍ കപ്പില്‍ മുത്തമിട്ടിരിക്കുന്നു. ഇന്ന് രാഹുല്‍ വി രാജ് എന്ന നായകന്റെ കീഴില്‍ കേരളം കപ്പുയര്‍ത്തിയപ്പോള്‍ സന്തോഷ് ട്രോഫിയുടെ ചരിത്രം ഓര്‍മപ്പെടുത്തുന്ന ചില നായകന്‍മാര്‍കൂടിയുണ്ട്. ഒന്നുമല്ലാതിരുന്ന കേരളത്തിന്റെ ഫുട്‌ബോളിനെ  നെഞ്ചേറ്റി ലാളിച്ച് അഭിമാനിക്കത്തക്കവണ്ണം രൂപപ്പെടുത്തിയെടുത്ത ചില പ്രതിഭകള്‍. കാല്‍പന്ത് പ്രേമികളുടെ മനസില്‍ ഇന്നും മറക്കാനാവാത്ത ആവേശക്കാഴ്ചകള്‍ സമ്മാനിച്ച നായകന്‍മാരിലേക്ക് ഒരു മടക്കയാത്ര.

ടി കെ എസ് മണി

കണ്ണൂരിന്റെ മണ്ണില്‍ പന്ത് തട്ടിക്കളിച്ചു വളര്‍ന്ന കേരളത്തിന്റെ സ്വന്തം ക്യാപ്റ്റന്‍ മണിയെന്ന ടി കെ സുബ്രമണ്യന്‍. കേരളക്കരയിലേക്ക് സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ആദ്യത്തെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. 1973 ഡിംസബര്‍ 27ാം തിയ്യതി 16ാമത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ മല്‍സരം എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് നടക്കുന്നു. മൂന്ന് തവണ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട കരുത്തരായ റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍. ആത്മവിശ്വാസത്തോടെ പന്ത് തട്ടിയ കേരളത്തിന് വേണ്ടി 38ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ വലകുലുക്കി മണി കേരളത്തിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയില്‍ 1-0ന്റെ ലീഡോടെ കേരളം കളം വിട്ടെങ്കിലും രണ്ടാം പകുതിയില്‍ തുടരെ  രണ്ട് ഗോളുകള്‍ അടിച്ച് റെയില്‍വേസ് മല്‍സരത്തില്‍ ലീഡെടുത്തു. എന്നാല്‍ 65ാം മിനിറ്റില്‍ വീണ്ടും മണി മാജിക്കിലൂടെ കേരളം സമനില പിടിച്ചു. മല്‍സരം 2-2 എന്ന നിലയില്‍. പിന്നീടങ്ങോട്ട് കേരളക്കരയുടെ പ്രാര്‍ത്ഥനയ്‌ക്കൊപ്പം പന്ത് തട്ടിയ കേരളത്തിന് വേണ്ടി 80ാം മിനിറ്റില്‍ വീണ്ടും മണിയുടെ തകര്‍പ്പന്‍ ഗോള്‍. അവസാന മിനിറ്റുകളില്‍ ആതിഥേയരായ കേരളത്തിന്റെ പ്രതിരോധത്തെ ഭേദിക്കാന്‍ റെയില്‍വേസിന് കഴിയാതെ വന്നതോടെ കന്നി സന്തോഷ് ട്രോഫി കിരീടം കേരളത്തിനൊപ്പം നിന്നു. ഹാട്രിക്കോടെ കേരളത്തെ വിജയത്തിലേക്ക് നയിച്ച സുബ്രമണ്യന്‍ പിന്നീട് കേരളക്കരയുടെ സ്വന്തം ക്യാപ്റ്റന്‍ മണിയാവുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകള്‍ നേടി കര്‍ണാടകയുടെ ഷണ്‍മുഖത്തോടൊപ്പം ഗോള്‍വേട്ടക്കാരുടെ ഒന്നാം സ്ഥാനവും മണി പങ്കിട്ടു.

വി പി സത്യന്‍

കണ്ണൂരിന്റെ കാല്‍പന്ത് പാരമ്പര്യവുമായാണ് വട്ടപറമ്പത്ത് സത്യന്‍ എന്ന വി പി സത്യന്റെയും വരവ്.  കേരളം കടന്ന് ഇന്ത്യന്‍ ഫുട്‌ബോളും ഏറ്റു പറഞ്ഞ പേരായിരുന്നു സത്യന്റേത്. കാല്‍പന്തിനെ ജീവശ്വാസം പോലെ സ്‌നേഹിച്ച സത്യന്റെ കീഴിലാണ് കേരളം രണ്ടാം തവണ സന്തോഷ് ട്രോഫി കിരീടം നേടിയത്. 1991-92 സീസണില്‍ കോയമ്പത്തൂരില്‍വച്ച് നടന്ന ഫൈനല്‍ മല്‍സരത്തില്‍ ഗോവയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കേരളം രണ്ടാം സന്തോഷ് ട്രോഫി കിരീടം ചൂടിയത്. 41ാം വയസില്‍ അപകടത്തില്‍ മരണപ്പെട്ട സത്യന്‍ ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ എന്നെന്നും മായാത്ത ക്യാപ്റ്റനാണ്.  1984 - 1992 വരെ കേരള പോലിസിനുവേണ്ടി ബൂട്ടണിഞ്ഞ സത്യന്‍ 1993ല്‍ മോഹന്‍ ബഗാന് വേണ്ടിയും കളിച്ചിട്ടുണ്ട്. സത്യന്റെ കീഴില്‍ കേരള പോലിസ് രണ്ടു തവണ ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. 1985 - 1995 വരെ ഇന്ത്യന്‍ ദേശീയ ടീമിലും സത്യനെന്ന സെന്റര്‍ ബാക്ക് താരം നിറസാന്നിധ്യമായിരുന്നു.

കുരികേശ് മാത്യു

കൊച്ചിയുടെ മണ്ണില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ വീണ്ടും ചരിത്രം രചിച്ചു. 1993 സീസണില്‍ സന്തോഷ് ട്രോഫി കിരീടം കേരളത്തിനൊപ്പം നിന്നപ്പോള്‍ നായകസ്ഥാനത്തുണ്ടായിരുന്നത് കുരികേശ് മാത്യുവായിരുന്നു. കൊച്ചിയില്‍ വച്ച് നടന്ന ഫൈനല്‍ മല്‍സരത്തില്‍ മഹാരാഷ്ട്രയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് കേരളം മൂന്നാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. വി ശിവകുമാര്‍ഇടവേളയ്ക്ക് ശേഷം കേരളം സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയപ്പോള്‍ വി ശിവകുമാറായിരുന്ന കേരളത്തിന്റെ നായകസ്ഥാനത്തുണ്ടായിരുന്നത്. 2001ല്‍ മുംബൈയില്‍ വച്ച് നടന്ന ഫൈനലില്‍ ഗോവയെ 3-2ന് തകര്‍ത്തായിരുന്നു കേരളത്തിന്റെ കിരീട നേട്ടം. നിശ്ചിത സമയത്ത് 2-2 സമനില പങ്കിട്ട ശേഷം അധിക സമയത്ത് അബ്ദുല്‍ ഹക്കിം നേടിയ ഗോളിലൂടെയാണ് കേരളം അന്ന് കപ്പ് സ്വന്തമാക്കിയത്. ഹക്കിം മല്‍സരത്തില്‍ ഹാട്രിക്ക് നേടി.
ഇഗ്നേഷ്യസ്

2004ല്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന സന്തോഷ് ട്രോഫിയില്‍ കേരളം കപ്പുയര്‍ത്തിയപ്പോള്‍ ഇഗ്നേഷ്യസായിരുന്നു അന്ന് കേരളത്തിന്റെ ക്യാപ്റ്റന്‍. തിരുവനന്തപുരത്തിന്റെ കാല്‍പന്ത് മഹിമ കൈമുതലായുള്ള ഇഗ്നേഷ്യസിന്റെ മികവിലായിരുന്നു അന്ന് കേരളം കപ്പ് സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന നിലയില്‍. എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മല്‍സരത്തിന്റെ മൂന്നാം മിനിറ്റില്‍ മിന്നല്‍ ഷോട്ടിലൂടെ വലകുലുക്കി ഇഗ്നേഷ്യസ് പ്രകടനം കൊണ്ട് കേരളത്തിന്റെ നായകനായി.

രാഹുല്‍ വി രാജ്

14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും കേരളത്തിലെ കാല്‍പന്ത് പ്രേമികള്‍ സന്തോഷിച്ചപ്പോള്‍ ഇത്തവണ ടീമിന്റെ അമരത്ത് ത്യശൂരുകാരന്‍ രാഹുല്‍ വി രാജ്. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന്  തകര്‍ത്താണ് കേരളം കപ്പുയര്‍ത്തിയത്. ഫൈനലില്‍ ആദ്യ പെനല്‍റ്റി എടുത്ത് ഗോളാക്കി മാറ്റി കേരളത്തിന് ആത്മവിശ്വാസം നല്‍കിയ രാഹുല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ സ്വന്തം ക്യാപ്റ്റനാണ്.
Next Story

RELATED STORIES

Share it