കേരളം വന്‍ പ്രകൃതിദുരന്തത്തിലേക്ക്

വെട്ടും തിരുത്തും  -  പി എ എം ഹനീഫ്

ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത 'മനോഹര നുണ' എന്നോ വ്യാജ പ്രചാരണം എന്നോ പറയാന്‍ അധികാരകേന്ദ്രങ്ങള്‍ 'വെട്ടും തിരുത്തും' ഈ ലക്കം വായിച്ച് രോഷംകൊണ്ടേക്കാം. എങ്കിലും പറയാതെ വയ്യ. ഇപ്പോള്‍ പ്രചരിക്കുന്ന ഒരു യുട്യൂബ് വീഡിയോയാണ് പ്രചോദനം. വസ്തുതകള്‍ വീഡിയോ കണ്ടശേഷം അന്വേഷിച്ചറിഞ്ഞു. ശരിയാണ്.
അഞ്ചുലക്ഷത്തിനു മേല്‍ ജനം വെള്ളത്തില്‍ മുങ്ങിമരിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം അടക്കം എറണാകുളം, ഇടുക്കി, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഏക്കര്‍കണക്കിന് ഭൂമി ചളി കയറി നശിക്കും. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പോലും സുരക്ഷിതമല്ല എന്നു പറയുമ്പോള്‍ മേല്‍ച്ചൊന്ന ജില്ലകളിലെ ഫലവൃക്ഷങ്ങള്‍, കൃഷിഭൂമി, വന്‍കിട ഫഌറ്റുകള്‍ എന്നിവയുടെ സ്ഥിതി വിവരിക്കേണ്ടതില്ല. മനുഷ്യനു വേണ്ടിയാണ് എല്ലാ പ്രകൃതിവിഭവങ്ങളും ഭൂമിയിലുള്ളതെന്നു             വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ചില വിശദീകരണങ്ങളോടെയാണ്. മനുഷ്യസമൂഹത്തിന്റെ നിലനില്‍പിനും ഉപഭോഗത്തിനും ആവശ്യമായ സകല വിഭവങ്ങളും അതിന് അനുയോജ്യമായ സാഹചര്യങ്ങളും ഭൂമിയില്‍ സൃഷ്ടിച്ചതിന്റെ പ്രാധാന്യം ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. മറ്റൊരു വേദഗ്രന്ഥവും ഇത്രമേല്‍ ആധികാരികമായി പരിസ്ഥിതിയെ നിര്‍വചിച്ചിട്ടില്ല. ഒരു തുള്ളി വെള്ളം പാഴാക്കുന്നതുപോലും ഖുര്‍ആന്‍ തടയുന്നു.
നാളെ അന്ത്യദിനമാണെങ്കില്‍പ്പോലും നിങ്ങളുടെ കൈയിലെ ചെടി, വിത്ത് നിങ്ങള്‍ നട്ടുനനച്ചുകൊള്‍ക- പ്രവാചകന്‍ മുഹമ്മദ് ഉദ്‌ബോധിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ തേന്‍മാവ് എന്ന മനോഹര കഥയില്‍ ഈ പ്രവാചക വചനം അപൂര്‍വം ചില കഥാപാത്രങ്ങളിലൂടെ ബഷീര്‍ സുന്ദരമായി വരച്ചുകാട്ടുന്നു. മരണത്തിനു കീഴ്‌പ്പെടും മുമ്പ് ജ്ഞാനിയായ വൃദ്ധന്‍ തനിക്കു ലഭിച്ച മാമ്പഴത്തൈ നട്ട് തനിക്ക് അന്യര്‍ തന്ന അവസാന കുടിവെള്ളംകൊണ്ട് ലാഇലാഹ് എന്നുരുവിട്ട് നനച്ചു തളിര്‍പ്പിക്കുന്നു. പാരിസ്ഥിതിക സംബന്ധമായ കഥകളില്‍ ഇതു മലയാളത്തില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നു.
ഹെക്റ്റര്‍ കണക്കിന് വനം അഗ്നിബാധയ്ക്കിരയായി ജൈവസമ്പത്ത് കേരളത്തില്‍ പ്രതിവര്‍ഷം നശിപ്പിക്കപ്പെടുന്നു. ഗോത്രവര്‍ഗക്കാര്‍ വേട്ടയാടപ്പെടുകയോ കൂട്ടക്കുരുതിക്ക് ഇരകളാവുകയോ ചെയ്യുന്നു. ഇതിനെതിരേ ശക്തമായി ചെറുത്തുനില്‍ക്കുന്ന, കേരളത്തിലെ വനംകൊള്ളക്കാരുടെ മനുഷ്യച്ചൂര് എത്തിനോക്കാത്ത ഉള്‍ക്കാടുകളില്‍ തമ്പടിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോവാദികളെ ജയിലില്‍ ഇടുകയല്ല, ആയുധം താഴെ വയ്പിച്ച് സര്‍ക്കാര്‍-പരിസ്ഥിതി സംഘടനകള്‍ ഇവരെ തുണയ്ക്കുകയാണു വേണ്ടത്. ആ ഷൈമയെയും മറ്റും എന്തിനാണ് ജയിലില്‍ അടച്ച് അവരുടെ സര്‍ഗാത്മകതകള്‍ ഉടച്ചുവറ്റിക്കുന്നതെന്ന് ഇനിയും മനസ്സിലായിട്ടില്ല.
പ്രകൃതിയെ ആര് എവിടെയെല്ലാം നോവിച്ചുവോ അവിടെയെല്ലാം മനുഷ്യരാശിയുടെ തിരോധാനം എളുപ്പമായിട്ടുണ്ട്. കാടുകള്‍ ചുട്ടെരിക്കുമ്പോഴുണ്ടാവുന്ന താപവര്‍ധന കേരളത്തിലെ കുടിയേറ്റമേഖലകളെ ഇപ്പോള്‍ തന്നെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് സ്വാംശീകരിച്ച് ശുദ്ധമായ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്ന മരങ്ങളും മറ്റു സസ്യജാലങ്ങളും ഭൂമിയുടെ ശ്വാസകോശങ്ങളാണ്. ഇത്തരം ഓക്‌സിജന്‍ ഫാക്ടറികളുടെ നാശം മനുഷ്യകുലത്തെ മാറാരോഗികളാക്കുമെന്ന സത്യം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍പോലുള്ള മരുന്നുകമ്പനി ഏജന്‍സികള്‍ നിഷേധിക്കുമെങ്കിലും വൈദ്യശാസ്ത്രജ്ഞരും കൂട്ടത്തോടെ മരണത്തിലേക്കും അവര്‍ അവിഹിതമായി സമ്പാദിച്ച ഫഌറ്റുകളും റിസോര്‍ട്ടുകളും നാശഗര്‍ത്തത്തിലേക്കും പതിക്കാന്‍ ഒരു ദശകംപോലും വേണ്ട. ഇതൊരു മുന്നറിയിപ്പാണ്.
ശുദ്ധജലസ്രോതസ്സുകള്‍ എറണാകുളം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഏറെ മലിനപ്പെട്ടുകഴിഞ്ഞു. കോഴിക്കോട്ടെ പുഴകളില്‍ ചാലിയാറും കല്ലായിപ്പുഴയും മറ്റും മാലിന്യം നിറഞ്ഞ് കരകളില്‍ ജീവിക്കുന്ന മനുഷ്യരെ മഹാരോഗികളാക്കുന്നു. ബേബി, മിംസ്, ഇഖ്‌റ ആശുപത്രികളൊക്കെ വന്‍ കുതിപ്പു നടത്തി കാശ് വാരുമ്പോള്‍ ഓര്‍ക്കുക: ഇത്രയേറെ രോഗികള്‍ ഈ ജില്ലയിലുണ്ടോ? മൂന്ന് ആശുപത്രികളെ പരാമര്‍ശിക്കാന്‍ കാരണം കിഡ്‌നി-ശ്വാസകോശ-പ്രമേഹ രോഗികളാണ് ഇവിടെ ഏറിയകൂറും ചികില്‍സ തേടുന്നത്.
ഒന്നു ശ്രദ്ധിക്കുക. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മരം മുറിക്കേണ്ടി വന്നാല്‍ ആ സ്ഥാനത്ത് 10 വൃക്ഷത്തൈകളെങ്കിലും നടുക. മനുഷ്യനും ഭൂമിയും മല്‍പ്പിടിത്തത്തിലാണ്. പകരം ഭൂമി ഒന്നും നല്‍കില്ല. ഇത്തരം ചൂഷണങ്ങള്‍ മൂലം  ഭൂകമ്പങ്ങളും ഉരുള്‍പൊട്ടലുകളും നിത്യസംഭവമാവാന്‍ ഇനി കൂടിയാല്‍ അഞ്ചുവര്‍ഷം. ജാഗ്രതൈ!                                    ി
Next Story

RELATED STORIES

Share it