കേരളം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവരും: ബിജെപി

കൊച്ചി/തിരുവനന്തപുരം: സിപിഎം ഇനിയും ശബരിമലയെ പരിഹസിക്കുന്ന സാഹചര്യമുണ്ടായാല്‍ കേരളം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എകെജി സെന്റര്‍ തുറക്കുന്നതു പോലെയല്ല ശബരിമല നട തുറക്കുന്നത്. കൂലി വാങ്ങാനാണു തന്ത്രി വരുന്നതെന്നു പറഞ്ഞു സിപിഎമ്മുകാര്‍ പരിഹസിക്കുകയാണ്.
മുസ്‌ലിം, ക്രിസ്ത്യന്‍ സ്ത്രീകള്‍ മലകയറുന്നതു തടയുമ്പോള്‍ മതലഹളയാക്കി മാറ്റാനുള്ള സിപിഎമ്മിന്റെ ആസൂത്രിത ശ്രമമാണു ഭക്തര്‍ പൊളിച്ചത്. ദലിത്‌സ്ത്രീയെ കൊണ്ടുവന്നതിലൂടെ അവര്‍ണ, സവര്‍ണ സംഘര്‍ഷമുണ്ടാക്കാനാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചത്. ഇരുമുടിക്കെട്ടില്‍ നാപ്കിനുമായി മലകയറാന്‍ പോവുന്നുവെന്നു പ്രഖ്യാപിച്ച സ്ത്രീക്ക് പിന്തുണ നല്‍കുകയാണു സര്‍ക്കാര്‍ ചെയ്തത്.
പിണറായി, കോടിയേരി, ഇ പി ജയരാജന്‍ എന്നീ മൂന്നംഗ സംഘമാണ് ശബരിമലയില്‍ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡുകളെ കളിപ്പാവകളാക്കി മാറ്റുകയാണവര്‍. സ്ത്രീകളെ കയറ്റണമെന്നു പറയുന്ന ഒരു കേന്ദ്ര സര്‍ക്കുലറാണ് ഇപ്പോള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, അതില്‍ സുപ്രിംകോടതി വിധി നടപ്പാക്കണമെന്നു പറഞ്ഞിട്ടില്ല. ഇംഗ്ലീഷ് അറിയുന്ന ഒരാള്‍ക്കും അങ്ങനെ അതു വായിക്കാന്‍ കഴിയില്ല. കോടിയേരി ബാലകൃഷ്ണന്‍ വാ തുറക്കുന്നതു കളവു പറയാനും സംഘപരിവാരത്തെ തെറിപറയാനുമാണ്. ശബരിമലയില്‍ സംഘര്‍ഷമുണ്ടാവാന്‍ പാടില്ലെന്നാണു സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. അതു സിപിഎം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാന നില തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന കാര്യം ബിജെപി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. തന്ത്രിയെ ഒറ്റതിരിഞ്ഞാക്രമിക്കാന്‍ അനുവദിക്കുകയില്ല. വിശ്വാസികളും ബിജെപിയും അദ്ദേഹത്തോടൊപ്പമുണ്ട്. ശബരിമല നടയടയ്ക്കുമ്പോള്‍ തുറക്കാനാണു സിപിഎമ്മിന്റെ ഭാവമെങ്കില്‍ എകെജി സെന്റര്‍ നട ഞങ്ങളടയ്ക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. അവിശ്വാസികളെ കൊണ്ടുവന്ന് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണു സിപിഎം. അതിന് ഇന്ധനം കൊടുക്കുന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാജിവയ്ക്കണം. വിശ്വാസികളുടെ കൂടെയുണ്ടെന്നു പറഞ്ഞ് വീട്ടിലിരിക്കുന്ന കോണ്‍ഗ്രസ് നപുംസക നയമാണ് സ്വീകരിക്കുന്നത്. വിശ്വാസികളോടൊപ്പമാണെങ്കില്‍ അവര്‍ക്കൊപ്പം തെരുവിലിറങ്ങണമെന്ന് ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
അതേസമയം സുപ്രിംകോടതി വിധി നടപ്പാക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടെന്ന തരത്തില്‍ രഹസ്യമായി സൂക്ഷിക്കേണ്ട കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപോര്‍ട്ട് ചട്ടം ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിടുകയായിരുന്നുവെന്ന് ബിജെപി വക്താവ് എം എസ് കുമാര്‍ വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്, പ്രത്യേകിച്ച് ശബരിമലയില്‍ അതീവ സുരക്ഷാ സംവിധാനം വേണമെന്നാണു കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം സംസ്ഥാനത്തെ അറിയിച്ചത്. ഈ മുന്നറിയിപ്പു സംസ്ഥാന ആഭ്യന്തര വകുപ്പ് അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് അത് ചെയ്തില്ലെന്നും ബിജെപി വക്്താവ് പറഞ്ഞു.
Next Story

RELATED STORIES

Share it