Flash News

കേന്ദ്ര ഹജ്ജ് നയം: കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞു

കേന്ദ്ര ഹജ്ജ് നയം: കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞു
X
ന്യൂഡല്‍ഹി:  കേന്ദ്ര ഹജ്ജ് നയം ചോദ്യം ചെയ്ത് കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞു. പത്തു ദിവസത്തിനകം മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസില്‍ വാദം കേള്‍ക്കുന്നതിനായി ജനുവരി 30ലേക്ക് മാറ്റി. പുതിയ ഹജ്ജ് നയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഹജ്ജ് ക്വാട്ട വീതിച്ച് നല്‍കിയതില്‍ വിവേചനം കാണിച്ചെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി കോടതിയില്‍ വാദിച്ചത്.


6,900 അപേക്ഷകരുള്ള ബിഹാറിന് 12,000 സീറ്റുകളാണ് നല്‍കിയിരിക്കുന്നതെന്ന് നാലു വര്‍ഷം ഹജ്ജിന് അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, 95,000 ഹജ്ജ് അപേക്ഷകരുള്ള കേരളത്തിന് വെറും 6,000 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറില്‍ നിന്ന് ഹജ്ജിന് അപേക്ഷിക്കുന്ന എല്ലാ അപേക്ഷകര്‍ക്കും ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുമ്പോള്‍ കേരളത്തിലെ അപേക്ഷകര്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്. നിലവിലെ ഹജ്ജ് ക്വാട്ട സംവിധാനം വിവേചനപരമാണെന്നും അതിനാല്‍, ഹജ്ജ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് അഖിലേന്ത്യാ തലത്തില്‍ നടത്തണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട അനുവദിക്കണം. അല്ലാതെ, സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വിഹിതം വെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാലു വര്‍ഷം ഹജ്ജിന് അപേക്ഷിച്ചിട്ടും അസരം ലഭിക്കാത്തവരെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 31 ഹജ്ജ് കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയതെന്ന് കേന്ദ്ര  സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. 2002ലെ ഹജ്ജ് കമ്മിറ്റി നിയമത്തിലെ സെക്ഷന്‍ 27 പ്രകാരം ഹജ്ജ് തീര്‍ത്ഥാടകരുടെ താല്‍പര്യാങ്ങള്‍ക്കായുള്ള നയങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും നടപ്പാക്കേണ്ട ഉത്തരവാദിത്വം  സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. 2018ലെ ഹജ്ജ് നയത്തെ കുറിച്ച് കേരള ഹജ്ജ് കമ്മിറ്റിയുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അഭിപ്രായം ആരാഞ്ഞ സമയത്ത് അവര്‍ ഈ നയത്തെ എതിര്‍ത്തിരുന്നില്ലെന്നും അദ്ദേഹം കെകെ വേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍, കേന്ദ്ര  സര്‍ക്കാര്‍ പുറപ്പെടുവിച്ച ഹജ്ജ് നയത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടതിനെയല്ലെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ ഇതിന് മറുപടി നല്‍കിയത്.
സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി 30 ശതമാനം സംവരണം ചെയ്തിരിക്കുന്നതിന്റെ യുക്തിഎന്താണെന്ന് കേരള ഹജ്ജ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ കോടതിയില്‍ ചോദിച്ചു.
സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള ക്വാട്ട ലേലത്തില്‍ കൊടുക്കാനുള്ള അവകാശം ഹജ്ജ് കമ്മിറ്റിക്ക് തന്നെ നല്‍കാവുന്നതാണെന്ന് അദ്ദേഹം  പറഞ്ഞു.
Next Story

RELATED STORIES

Share it