kasaragod local

കേന്ദ്ര സര്‍വകലാശാല പിജി മെഡിക്കല്‍ കോളജ്: യാഥാര്‍ഥ്യമാവാന്‍ കടമ്പകളേറെ

കാസര്‍കോട്്: കേന്ദ്രസര്‍വകലാശാലയുടെ അധീനതയിലുള്ള കേന്ദ്ര മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാവാന്‍ കടമ്പകളേറെ. കഴിഞ്ഞ ദിവസം പെരിയ കാംപസ് ഉദ്ഘാടനത്തിനെത്തിയ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു കേന്ദ്ര മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളജിന് ആവശ്യമായ സ്ഥലം കേന്ദ്രസര്‍വകലാശാല പരിസരത്തുണ്ടെങ്കിലും 500 കോടിയുടെ ബജറ്റ് കണ്ടെത്തേണ്ടതുണ്ട്.
മാത്രവുമല്ല കേന്ദ്രസര്‍വകലാശാലയുടെ 11 അംഗ സിണ്ടിക്കേറ്റ് യോഗം ചേര്‍ന്ന് അനുമതി നല്‍കണം. മൂന്നംഗ വിദഗ്ധ സംഘം ഇത് പരിശോധിച്ച് ഉറപ്പുവരുത്തണം. മെഡിക്കല്‍ കോളജ് നിര്‍മാണത്തിനാവശ്യമായ ഫണ്ടും കണ്ടെത്തിയാല്‍ മാത്രമേ ഉപരാഷ്ട്രപതി പ്രഖ്യാപിച്ച കേന്ദ്ര മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുവെന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍വകലാശാലക്ക് 360 ഹെക്ടര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2009ലാണ് കേന്ദ്രസര്‍വകലാശാല ആരംഭിച്ചത്.
സര്‍വകലാശാല ആരംഭിച്ച് ഒമ്പത് വര്‍ഷമായിട്ടും ഇതിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. കേന്ദ്ര മെഡിക്കല്‍ കോളജ് നേരത്തെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും മാധ്യമങ്ങള്‍ ഇതിനെതിരേ ശക്തമായി രംഗത്തുവന്നതോടെ അതുപേക്ഷിക്കുകയായിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ള രോഗികള്‍ ഏറെയുള്ള കാസര്‍കോട് ജില്ലയില്‍ കേന്ദ്ര മെഡിക്കല്‍ കോളജ് വന്നാല്‍ വിദഗ്ധ ചികില്‍സക്ക് വഴിയൊരുങ്ങും. എന്നാല്‍ ഉദ്യോഗസ്ഥരുടെ കടുംപിടുത്തം കാരണം ഇത് ഇനിയും ചുപ്പുനാടയിലാണ്.
Next Story

RELATED STORIES

Share it