കേന്ദ്ര സര്‍വകലാശാലയില്‍ കൂട്ട പിരിച്ചുവിടല്‍

അബ്ദുര്‍റഹ്മാന്‍  ആലൂര്‍

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഇന്നലെ മാത്രം ലൈബ്രറികളില്‍ നിന്നായി 10 ജീവനക്കാരെയാണ് ഒഴിവാക്കിയത്. കഴിഞ്ഞ മാസം സെക്യൂരിറ്റി വിഭാഗത്തില്‍ നിന്നു 19 ജീവനക്കാരെയും പുറത്താക്കിയിരുന്നു. അടുത്ത ഘട്ടത്തില്‍ പാചകത്തൊഴിലാളികളെയും ശുചീകരണത്തൊഴിലാളികളെയുമാണു പിരിച്ചുവിടുകയെന്നു സര്‍വകലാശാലാ രജിസ്ട്രാര്‍ രാധാകൃഷ്ണന്‍ നായര്‍ തേജസിനോടു പറഞ്ഞു.
ഹൈദരാബാദിലെ ഖുര്‍ബാനി ഏജന്‍സി മുഖാന്തരമാണു ജീവനക്കാരെ നിയമിച്ചിരുന്നത്. എന്നാല്‍ യുജിസിയുടെ അംഗീകാരമില്ലാതെ ആവശ്യത്തിലധികം ജീവനക്കാരെ നിയമിക്കുകയും അധ്യാപകരുടെ തസ്തികകള്‍ കൂടുതല്‍ സൃഷ്ടിച്ച് നിയമനം നല്‍കിയതുമാണ് ഇപ്പോള്‍ വര്‍ഷങ്ങളായി തൊഴില്‍ ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമെന്നാണു സൂചന. കേന്ദ്ര സര്‍വകലാശാല പെരിയ, പടന്നക്കാട്, നായന്മാര്‍മൂല കാംപസുകളിലെ ഔട്ട്‌സോഴ്‌സിങ് വിഭാഗത്തിലെ ലൈബ്രറികളി ല്‍ ജോലി ചെയ്യുന്ന 10 ജീവനക്കാരെയാണ് ഇന്നലെ പിരിച്ചുവിട്ടത്.
എന്നാല്‍ ലൈബ്രറികളിലേക്ക് മൂന്ന് അറ്റന്‍ഡര്‍മാരെ നിയമിച്ച് ഉത്തരവിറക്കിയിട്ടും ഇവര്‍ ജോലിക്കു ചേര്‍ന്നിട്ടില്ലെന്നു രജിസ്ട്രാര്‍ പറഞ്ഞു. ഇപ്പോള്‍ 15 ഓളം പേരാണു ലൈബ്രറികളി ല്‍ അധികമായി ജോലി ചെയ്യുന്നത്. യുജിസിയുടെ അനുമതി കൂടാതെ ചില മധ്യവര്‍ത്തികള്‍ മുഖേനയാണു അനധികൃത നിയമനം നടത്തിയത്. ധൂര്‍ത്തുമൂലം കേന്ദ്രസര്‍വകലാശാലയുടെ പല പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ഒന്നരലക്ഷം രൂപ വരെ ശമ്പളം പറ്റുന്ന അധ്യാപകര്‍ ഇവിടെയുണ്ട്. എന്നാല്‍ പലരും ഒരു പിരീയഡ് പോലും ക്ലാസെടുക്കുന്നില്ലെന്നാണ് ആരോപണം. ശുചീകരണത്തൊഴിലാളികളെ പൂര്‍ണമായി ഒഴിവാക്കി സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ നീക്കം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it