Flash News

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ചു. കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടു മാസം ബാക്കിനില്‍ക്കെയാണ് രാജി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് രാജിവിവരം പുറത്തുവിട്ടത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 51കാരനായ അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ചത്. കുടുംബപരമായ സമ്മര്‍ദം മൂലമാണ് അദ്ദേഹം ജോലി രാജിവയ്ക്കുന്നതെന്നു ജെയ്റ്റ്‌ലി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ചുമതല അവസാനിപ്പിച്ച് താന്‍ യുഎസിലേക്ക് പോവുകയാണെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ ട്വിറ്ററില്‍ അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ യുഎസിലാണ്. 2014 ഒക്ടോബറിലായിരുന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി മൂന്നു വര്‍ഷത്തേക്ക് അരവിന്ദ് സ്ഥാനമേല്‍ക്കുന്നത്. പിന്നീട് ഒരു വര്‍ഷം കൂടി നീട്ടിനല്‍കുകയായിരുന്നു. മുന്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റതോടെയായിരുന്നു അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ നിയമനം. റവന്യൂ ന്യൂട്രല്‍ റേറ്റിലെ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ റിപോര്‍ട്ടാണ് ജിഎസ്ടി നടപ്പാക്കാന്‍ ആവശ്യമായ ഭരണഘടനാ ഭേദഗതിക്ക് മുഖ്യപങ്കു വഹിച്ചത്. സാമ്പത്തിക സര്‍വേ റിപോര്‍ട്ടുകള്‍ പരിഷ്‌കരിക്കുന്നതിലും അദ്ദേഹത്തിന്റെ സംഭാവന പ്രധാനമാണ്.
നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ പല സുപ്രധാന തീരുമാനങ്ങളും അരവിന്ദ് സുബ്രഹ്മണ്യത്തോട് ആലോചിക്കാതെയാണ് നടപ്പാക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. ആര്‍എസ്എസിലെയും ബിജെപിയിലെയും പല നേതാക്കള്‍ക്കും അദ്ദേഹത്തോട് വിയോജിപ്പുണ്ടായിരുന്നതായും റിപോര്‍ട്ടുകള്‍ വന്നിരുന്നു.
അമേരിക്കന്‍ വിദ്യാഭ്യാസം നേടിയ മൂന്ന് ഉന്നത സാമ്പത്തിക വിദഗ്ധരാണ് മൂന്നു വര്‍ഷത്തിനിടെ സര്‍ക്കാര്‍ സേവനം അവസാനിപ്പിച്ച് മടങ്ങിയത്. നീതി ആയോഗിന്റെ മേധാവി അരവിന്ദ് പനാഗരിയയും ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനുമാണ് ഇതിനു മുമ്പ് സ്ഥാനമൊഴിഞ്ഞത്.
Next Story

RELATED STORIES

Share it